മന്ത്രിസ്ഥാനത്തിന് വിലപേശലില്ല; മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ: പി.കെ കുഞ്ഞാലിക്കുട്ടി
അധികാര പങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും മുന്നണിക്കുള്ളിലെ സൗഹൃദപരമായ ചർച്ചകളിലൂടെ ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി മീഡിയവണിനോട് പറഞ്ഞു

മലപ്പുറം: യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനത്തിന് വേണ്ടി കോൺഗ്രസിനോട് ഒരു തരത്തിലുള്ള വിലപേശലിനും മുസ്‌ലിം ലീഗ് മുതിരില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അധികാര പങ്കാളിത്തം സംബന്ധിച്ച എല്ലാ കാര്യങ്ങളും മുന്നണിക്കുള്ളിലെ സൗഹൃദപരമായ ചർച്ചകളിലൂടെ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആരാകണം മുഖ്യമന്ത്രി എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കോ ചർച്ചകൾക്കോ ലീഗ് പ്രസക്തി നൽകുന്നില്ല. നിലവിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നിലനിർത്തേണ്ടതില്ലെന്നും അതൊക്കെ 'ഔട്ട്‌ഡേറ്റഡ്' ആയ കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ അനാവശ്യ തർക്കങ്ങൾക്കായി ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് ഒരു എണ്ണയിട്ട യന്ത്രം പോലെയാണ് യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ഥാനാർഥി നിർണയം മുതൽ താഴെത്തട്ടിലുള്ള പ്രചാരണം വരെ വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പൂർത്തിയാക്കിയത്. ലീഗ് മത്സരിച്ച എല്ലാ സീറ്റുകളിലും മികച്ച വിജയപ്രതീക്ഷയുണ്ടെന്നും ബഹുഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സിപിഎം എപ്പോഴും മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ 'കാഫിർ' പ്രയോഗം ഇതിന് ഉദാഹരണമാണ്. ഇത്തരം വർഗീയ ധ്രുവീകരണ ശ്രമങ്ങൾ അവർ ആവർത്തിക്കുന്നത് അവർക്ക് തന്നെ ദോഷം ചെയ്യുമെന്നും ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Adjust Story Font
16

