Quantcast

നരേന്ദ്രമോദി സർക്കാറിനെ പോലെ ഗവർണറും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു: വി. മുരളീധരൻ

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഗവർണർ നിർവഹിക്കുന്നതെന്നും വിരട്ടിയിട്ട് രാജ്ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും കേന്ദ്രമന്ത്രി

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-17 03:47:28.0

Published:

17 Sep 2022 3:33 AM GMT

നരേന്ദ്രമോദി സർക്കാറിനെ പോലെ ഗവർണറും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നു: വി. മുരളീധരൻ
X

നരേന്ദ്രമോദി സർക്കാറിനെ പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുയാളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാർ പ്രതിനിധിയായണോ ഗവർണർ പ്രവർത്തിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രിയുടെ പ്രതികരണം. അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ബിജെപിയുടെ ടൂളായി കാണുന്നതെങ്കിൽ അങ്ങനെ തന്നെയാണെന്നും സി.പി.എം നിലപാട് അഴിമതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഗവർണർ നിർവഹിക്കുന്നതെന്നും രാജീവ് ഗാന്ധിയോട് വിയോജിച്ച് ഇറങ്ങിപ്പോയയാളാണ് അദ്ദേഹമെന്നും വിരട്ടിയിട്ട് രാജ്ഭവനെ നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വജനപക്ഷപാതം അഴിമതിയല്ലേയെന്നും അഴിമതിക്കെതിരെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. നിയമനം നിയമത്തിന് അനുസരിച്ചായിരിക്കണമെന്നും അനധികൃത നിയമനം മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അത് കഴിവുകേടാണെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ സമീപനവും ഗവർണറുടേത് അഴിമതി വിരുദ്ധ സമീപനവുമാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നു. മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും കണ്ണൂർ സർവകലാശാലയിൽ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിലെ ചരിത്രകോൺഗ്രസിനിടെ തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് കേസെടുത്തില്ലെന്നും ഇക്കാര്യത്തിൽ ആരാണ് പൊലീസിനെ തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും പറഞ്ഞു. ഗവർണർക്ക് പോലും ഇവിടെ സുരക്ഷിതത്വമില്ലെന്നും തന്റെ സുരക്ഷയിൽ ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലകളുടെ സ്വയംഭരണത്തിൽ ഒരു തരത്തിലും ഇടപെടാൻ സർക്കാറിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരം കുറയ്ക്കുന്ന ഭേദഗതി ബിൽ ഒപ്പുവെക്കില്ലെന്ന സൂചനയും നൽകി. ഗവർണറുടെ അധികാരത്തിൽ ഇടപെടില്ലെന്നാണ് മുഖ്യമന്ത്രി അയച്ച കത്തിൽ പറയുന്നതെന്നും പക്ഷേ അങ്ങനെയല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാനുളളടത്തോളം സർവകലശാലകളിലെ സ്വേച്ഛധിപത്യം അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗ്യതയില്ലാത്ത നിയമനമെന്നാണ് നടപടിയെ കുറിച്ച് ഗവർണർ പറഞ്ഞത്.

മന്ത്രിമാരടക്കമുള്ളവർ യോഗ്യത ഇല്ലാത്തവരെയാണ് പേഴ്സണൽ സ്റ്റാഫായി നിയോഗിക്കുന്നതെന്നും യോഗ്യതയുള്ളവരെ നിയമിച്ചാൽ ഒരു എതിർപ്പും ഉന്നയിക്കില്ലെന്നും ഗവർണർ പറഞ്ഞു. താൻ ക്യാംപസ് രഷ്ട്രീയത്തിന് എതിരല്ലെന്നും എന്നാൽ വിദ്യാർഥികളെ രാഷ്ട്രീയക്കാർ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും വിദ്യാർഥികളുടെ വിലപ്പെട്ട ജീവൻ നഷ്ടമാവുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഗവർണർ ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പായതോടെ രാഷ്ട്രീയമായി നേരുടാനുറച്ച് സി.പി.എം രംഗത്തിറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കടുത്ത വിമർശനമാണ് ഗവർണർക്കെതിരെ ഉന്നയിച്ചത്. ഗവർണർക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് ബില്ലുകളിൽ ഒപ്പുവയ്ക്കില്ലെന്ന ഗവർണറുടെ പരാമർശങ്ങൾ കൂടിയാണ്. ഒപ്പം മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനം നടക്കുമോയെന്ന ഗവർണറുടെ ചോദ്യവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള പോര് ശക്തമായതോടെ വിവാദ ബില്ലുകൾ അനിശ്ചിതത്വത്തിലാവും. സർക്കാരിനെ ബോധപൂർവം പ്രതിസന്ധിയിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ നിയമവഴി തേടുന്നതിനും മടിക്കേണ്ടെന്ന് സി.പി.എം നിലപാട്.

നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകൾക്ക് ഗവർണർ ഉടൻ അംഗീകാരം നൽകില്ലെന്ന് സർക്കാരിന് ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് ഗവർണർ സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വേണം പ്രതികരിക്കാനെന്ന മുന്നറിയിപ്പ് മുതൽ പക്വതയില്ലെന്ന പരിഹാസം വരെ ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയതും കരുതിക്കൂട്ടി തന്നെയാണ്.

ഗവർണറുടെ നീക്കങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാൽ ഇനി കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. മറുവശത്ത് ഗവർണറും ഉറച്ച നിലപാടിലാണ്. ലോകായുക്ത ബില്ലിന് അംഗീകാരം നൽകാത്തിടത്തോളം കാലം പഴയ അധികാരം തുടരും. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഗവർണർക്കുമറിയാം. ഒപ്പം കണ്ണൂർ വി.സിക്കെതിരെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതകളും ഗവർണർ തേടിയേക്കും.

Like the Narendra Modi government, Governor Arif Mohammad Khan also takes an anti-corruption stance, Union Minister V. Muralidharan

TAGS :

Next Story