തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ട് ചേര്‍ക്കല്‍: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും കടബാധ്യതയില്‍; പണമില്ലാതെ വോട്ടുചേര്‍ക്കല്‍ അവതാളത്തില്‍
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ശരാശരി 25 ലക്ഷത്തോളം രൂപയാണ് പല മണ്ഡലം പ്രസിഡന്റുമാര്‍ക്കും ചെലവഴിക്കേണ്ടി വന്നത്.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സ്വന്തം നിലയില്‍ ചെലവഴിക്കേണ്ടി വന്ന കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധി മൂലം കെപിസിസി നിര്‍ദേശിച്ച വോട്ടുചേര്‍ക്കല്‍ പലയിടത്തും സ്തംഭിച്ച സ്ഥിതിയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ശരാശരി 25 ലക്ഷത്തോളം രൂപയാണ് പല മണ്ഡലം പ്രസിഡന്റുമാര്‍ക്കും ചെലവഴിക്കേണ്ടി വന്നത്. നഗരസഭ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്കായി 10,000 രൂപ വീതം കെപിസിസി നല്‍കി. ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്കും പ്രചാരണത്തിന് പണം നല്‍കി. എന്നാല്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് പണമൊന്നും നല്‍കിയില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ നിന്ന് വീക്ഷണത്തിന്റെ വാര്‍ഷിക വരിസംഖ്യയായ 3,000 രൂപ വീതം ഡിസിസികള്‍ പിരിച്ചു. 3,000 രൂപ അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് ഡിസിസികള്‍ ചിഹ്നം അനുവദിച്ചത്. മിക്കയിടത്തും മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും ചിഹ്നത്തിനുള്ള തുക കൂടി ഡിസിസിയില്‍ അടക്കേണ്ടി വന്നു. 20 വാര്‍ഡുള്ള ഒരു ഗ്രാമപഞ്ചായത്തില്‍ ചിഹ്നം കിട്ടാനായി മാത്രം 60,000 രൂപ മണ്ഡലം പ്രസിഡന്റുമാര്‍ ഡിസിസികള്‍ക്ക് നല്‍കേണ്ടി വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മണ്ഡലം പ്രസിഡന്റുമാരില്‍ ബഹുഭൂരിഭാഗവും വലിയ കടക്കെണിയിലായി. ഇതിന് പിന്നാലെയാണ് വോട്ട് ചേര്‍ക്കാനുള്ള കെപിസിസിയുടെ നിര്‍ദേശം വന്നത്. ഇതിനായി ഓരോ ബൂത്തിലും 2,000 രൂപ വച്ച് കെപിസിസി നല്‍കി. നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ളവര്‍ ഈ തുക നേരിട്ട് ബൂത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറുകയാണ് ചെയ്തത്.
വോട്ട് ചേര്‍ക്കാനായി നല്ല തുക തന്നെ ചെലവ് വരും. ലാപ്ടോപ്, സ്കാനര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ വലിയ തുക വേണം. അക്ഷയ വഴിയാണ് പേര് ചേര്‍ക്കുന്നതെങ്കില്‍ വോട്ട് ഒന്നിന് 120 രൂപ വച്ച് നല്‍കണം. മതിയായ പിന്തുണ മണ്ഡലം കമ്മിറ്റികള്‍ നല്‍കിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ കയ്യില്‍ നിന്ന് പണമെടുക്കേണ്ടി വരും. സംവിധാനങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്തം മണ്ഡലം പ്രസിഡന്റുമാര്‍ക്കാണ്. മണ്ഡലം കമ്മിറ്റി (പഞ്ചായത്ത്/നഗരസഭ) കേന്ദ്രീകരിച്ച് ഓഫീസും സ്റ്റാഫും സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ ഫലപ്രദമായി വോട്ട് ചേര്‍ക്കല്‍ നടത്താനാവില്ല. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് വലിയ ബാധ്യത വരുന്ന വോട്ട് ചേര്‍ക്കല്‍ പരിപാടിക്ക് സാമ്പത്തിക പിന്തുണയൊന്നും പാര്‍ട്ടി നല്‍കുന്നില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി വലിയ തുക ചെലവഴിക്കേണ്ടി വന്ന മണ്ഡലം പ്രസിഡന്റുമാര്‍ വോട്ട് ചേര്‍ക്കാനും പണം ചെലവഴിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതോടെ വോട്ടു ചേര്‍ക്കല്‍ മിക്കയിടത്തും മരവിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം മുടങ്ങിയ കാര്യം മണ്ഡലം പ്രസിഡന്റുമാരില്‍ പലരും ചുതമലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും ഡിസിസി പ്രസിഡന്റുമാരെയും അറിയിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ 500 മണ്ഡലം പ്രസിഡന്റുമാരെങ്കിലും കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെന്നാണ് ഏകദേശ കണക്ക്.
നിയമസഭാ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചും ഉറപ്പിച്ചും ചിലര്‍ നിയോജക മണ്ഡലം തലത്തില്‍ സ്വന്തം പണമിറക്കി വോട്ട് ചേര്‍ക്കുന്നുണ്ട്. ഇത് വളരെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് നടക്കുന്നത്. തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലത്തില്‍ ടി.എന്‍ പ്രതാപനും പൊന്നാനി മണ്ഡലത്തില്‍ കെ.പി നൗഷാദലിയും തവനൂര്‍ മണ്ഡലത്തില്‍ എ.എം രോഹിതും ഇങ്ങനെ വോട്ട് ചേര്‍ക്കുന്നുണ്ട്. അല്ലാത്ത ഇടങ്ങളില്‍ കാര്യമായ വോട്ട് ചേര്‍ക്കല്‍ നടക്കുന്നില്ല.
വാര്‍ഷികവരി വാങ്ങി, വീക്ഷണമെത്തിയില്ല
3,000 രൂപ വീതം സ്ഥാനാര്‍ഥികളില്‍ നിന്ന് ശേഖരിക്കുമ്പോള്‍ ഡിസിസികള്‍ അറിയിച്ചത് ജനുവരി മുതല്‍ വീക്ഷണം പത്രം വീടുകളിലെത്തിക്കുമെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസം ആകുമ്പോഴും വീക്ഷണം വിതരണം എവിടെയും ആരംഭിച്ചിട്ടില്ല. പത്രത്തിനായി ഡിസിസികളെ ബന്ധപ്പെട്ടവര്‍ക്ക് പത്രം എത്തില്ലെന്ന അറിയിപ്പാണ് ലഭിക്കുന്നത്. പല പേരുകളില്‍ പണം പിരിച്ച് പിന്നീട് കൈമലര്‍ത്തുന്ന ഡിസിസിയുടെയും കെപിസിസിയുടേയും നടപടികളില്‍ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
Adjust Story Font
16

