Quantcast

ലോകായുക്ത ഭേദഗതി; ഓർഡിനൻസിന്റെ കാര്യം അറിയിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്

ഓർഡിനൻസ് സി പി എമ്മിന്റെ അഖിലേന്ത്യ നയത്തിന് വിരുദ്ധമാണെന്നും ലോകായുക്തയെ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പട്ട കമ്മറ്റി കൂടിയാണെന്നും വിഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2022-01-25 07:39:24.0

Published:

25 Jan 2022 6:57 AM GMT

ലോകായുക്ത ഭേദഗതി; ഓർഡിനൻസിന്റെ കാര്യം അറിയിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്
X

ലോകായുക്ത ഭേദഗതി ഓർഡിനൻസിന്റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശൻ വ്യക്തമാക്കി. ലോകായുക്ത ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഷ്ടമുള്ള ആളുകളെ ലോകായുക്തയിൽ കയറ്റാം, കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ലോകായുക്തയെ സമീപിക്കാനിരിക്കെയാണ് സർക്കാർ ലോകായുക്തയിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്, പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഓർഡിനൻസ് സി പി എമ്മിന്റെ അഖിലേന്ത്യ നയത്തിന് വിരുദ്ധമാണെന്നും ലോകായുക്തയെ തീരുമാനിക്കുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉൾപ്പട്ട കമ്മറ്റി കൂടിയാണെന്നും വിഡി സതീശൻ പറഞ്ഞു. അതേ സമയം ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.സംസ്ഥാന സർക്കാർ ലോകായുക്തയുടെ പല്ലു കൊഴിച്ചെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ.ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെ.ടി ജലീൽ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നായിരുന്നു ലോകായുക്ത സർക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറാകുന്നതും.ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നുത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും. ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു കഴിഞ്ഞാൽ നിലവിലുള്ള അധികാരങ്ങൾ ലോകായുക്തയ്ക്ക് ഉണ്ടാവുകയില്ല. ഇതു സംബന്ധിച്ച തർക്കം കോടതിയിൽ എത്തിയാൽ മാത്രമേ കൂടുതൽ ചർച്ചകൾക്ക് സാധ്യതയുള്ളൂ. ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നടംങ്കം രംഗത്തു വരികയാണ്. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിൽ ഗവർണർ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

TAGS :

Next Story