പോക്സോ കേസ്; മലപ്പുറത്ത് മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സ്കൂൾ അധികൃതർ നടപ്പിലാക്കിയ കൗൺസിലിങിനിടെയാണ് അധ്യാപകന്റെ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കുട്ടി നടത്തിയത്

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് പ്രതിയായ മുൻ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. കൊണ്ടോട്ടിയിലെ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദീഖിനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് നോട്ടീസ്.
2020-25 അധ്യയനവർഷത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിക്കെതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടന്നത്. സ്കൂൾ അധികൃതർ നടപ്പിലാക്കിയ കൗൺസിലിങിനിടെയാണ് അധ്യാപകന്റെ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കുട്ടി നടത്തിയത്. പിതാവിനെ കൊലപ്പെടുത്തുമെന്നും കുട്ടിയെ ക്രൂരമായി ബലാല്ക്കാരം ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഉപദ്രവം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒഴിവിൽ പോവുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുമായോ സമീപത്തുള്ള മറ്റ് സ്റ്റേഷനുകളുമായോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. സമാനമായ രീതിയിൽ മുമ്പും ഇയാൾക്കെതിരെ പരാതികൾ ഉയർന്നുവന്നിരുന്നു.
Adjust Story Font
16

