കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണ നഷ്ടം; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി
സിപിഎം വിമത കലാ രാജുവിന്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടം. സിപിഎം വിമത കലാ രാജുവിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പന്ത്രണ്ടിനെതിരെ പതിമൂന്ന് വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. വൈസ് ചെയർമാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ അവ്യക്തത ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ ഭരണാധികാരിയെ തടഞ്ഞുവച്ചു.
സിപിഎം പ്രതിനിധിയായി കൗൺസിലിലേക്ക് വിജയിച്ച കലാ രാജു പാർട്ടിയുമായി ഇടഞ്ഞതോടെയാണ് കുത്താട്ടുകുളം നഗരസഭയിൽ അസ്ഥിരതയ്ക്ക് തുടക്കമാകുന്നത്. എൽഡിഎഫ് ഭരണസമിതിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അന്ന് കലാ രാജുവിനേ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് പ്രമേയം പരാജയപ്പെട്ടു. ഇതോടെയാണ് രണ്ടാമതും അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തെ കലാ രാജു അനുകൂലിച്ച് വോട്ട് ചെയ്തു.
അവിശ്വാസപ്രമേയം പാസായതായി വരണാധികാരി പ്രഖ്യാപിച്ചെങ്കിലും കലാ രാജുവിന്റെ വോട്ടിൽ അവ്യക്തത ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. കലാ രാജുവിന്റെ കൂറുമാറ്റത്തിന് പിന്നിൽ മാത്യു കുഴൽനാടൻ എംഎൽഎ ആണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഭരണം നഷ്ടമായത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറാകണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടു.
തന്നെ പൊതുജന മധ്യത്തിൽ അപമാനിച്ച സിപിഎമ്മിനോടുള്ള പ്രതികാരമാണിതെന്ന് വോട്ടെടുപ്പിന് ശേഷം കലാരാജു പ്രതികരിച്ചു.
watch video:
Adjust Story Font
16

