'എസ്‍ഡിപിഐ ആർഎസ്എസിന്‍റെ ഉത്പന്നം,സഹായം തേടണ്ട ആവശ്യം സിപിഎമ്മിനില്ല'; എം.എ ബേബി
ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണാണെന്നും ബേബി പറഞ്ഞു

കാസര്‍കോട്: എസ്‍ഡിപിഐ ആർഎസ്എസിന്‍റെ ഉത്പന്നമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. എസ്‍ഡിപിഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്. എൽഡിഎഫ് - എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ന്യൂനപക്ഷത്തിൻ്റെ താത്പര്യം സംരക്ഷിക്കാൻ ആർഎസ്എസ് മോഡൽ സംഘം ഉണ്ടാവേണ്ടതില്ലെന്നാണ് എസ്‍ഡിപിഐയോട് പറയാനുള്ളതെന്നും ബേബി പറഞ്ഞു.
ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസാണ്. എസ്‍ഡിപിഐയുമായി ചർച്ച ചെയ്ത് പിന്തുണയും സഹകരണം തേടുന്ന നയം എൽഡിഎഫിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്‍ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോയെന്നും ബേബി പറഞ്ഞു.
സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന എം.എ ബേബി തള്ളി.അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർഥികൾ ആകണമായിരുന്നു.പി.കെ ശ്യാമള സ്ഥാനാർഥിയായപ്പോൾ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കിയെന്നും എം.എ ബേബി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ എസ്‍ഡിപിഐ- സിപിഎം പരസ്യ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ മുൻ എസ്‍ഡിപിഐ സ്ഥാനാർഥികളാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികളെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ, എസ്‍ഡിപിഐ പിന്തുണയെക്കുറിച്ച് തുടർച്ചയായുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.മാധ്യമപ്രവർത്തകർ അജണ്ട സെറ്റ് ചെയ്തു വന്നിരിക്കുകയാണ്.എല്ലാകാലത്തും വർഗീയതയുമായി വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് എൽഡിഎഫ് സ്വീകരിച്ചത്. എസ്‍ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് ,അത് എസ്‍ഡിപിഐക്കാരോട് പോയി ചോദിക്കണമെന്നും പിണറായി വിജയൻ ഇന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Adjust Story Font
16

