Quantcast

സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം; യുഡിഎഫ് വാദത്തിന് മറുപടിയുമായി മലപ്പുറം ജില്ലാ കലക്ടർ

സ്ട്രോങ്ങ് റൂം തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    11 April 2026 10:03 PM IST

സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ നിർദേശം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതം; യുഡിഎഫ് വാദത്തിന് മറുപടിയുമായി മലപ്പുറം ജില്ലാ കലക്ടർ
X

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ നിർദേശം നൽകിയെന്ന യുഡിഎഫിന്റെ ആരോപണം തള്ളി മലപ്പുറം ജില്ലാ കലക്ടർ. വോട്ടിങ് യന്ത്രങ്ങൾ ത്രിതല സുരക്ഷാ സംവിധാനങ്ങളോടെ പൂർണ സുരക്ഷിതമാണെന്നും, മറിച്ചുളള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഇലക്ഷൻ ഓഫീസറായ കലക്ടർ ഡോ. വിനയ് ഗോയൽ ഐഎഎസ് വ്യക്തമാക്കി.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്ന് ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ കലക്ടർ നിർദേശം നൽകിയെന്നും, ഇതിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. വോട്ടെണ്ണൽ ദിവസം മാത്രം തുറക്കേണ്ട സ്ട്രോങ്ങ് റൂമുകൾ ഇപ്പോൾ തുറക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്നും, ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും യുഡിഎഫ് ചെയർമാൻ അബ്ദുൽ മജീദ് ആരോപിച്ചിരുന്നു. വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താനുള്ള നീക്കമാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നടപടികൾ നിർത്തിവെക്കാൻ കലക്ടർ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചുള്ള നിയമാനുസൃതമായ നടപടികൾ മാത്രമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജില്ലാ കലക്ടർ വിശദീകരിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങൾ ജില്ലാതല ഇവിഎം വെയർ ഹൗസിലേക്ക് മാറ്റുന്നത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. ചട്ടപ്രകാരം രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമാണ് ഇത്തരം നടപടികൾ സ്വീകരിക്കാറുള്ളതെന്നും കലക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

TAGS :

Next Story