Quantcast

ഒരു കസേര പോലും കിട്ടില്ല; 10 വർഷത്തെ ബജറ്റിൽ പിണറായി സർക്കാർ മലപ്പുറം ജനറൽ ആശുപത്രിക്ക് അനുവദിച്ചത് വെറും 1000 രൂപ!

25 ഏക്കർ സൗജന്യമായി വിട്ടുനൽകാമെന്ന് ഭൂവുടമകൾ സമ്മതിച്ചിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2026-01-31 09:33:56.0

Published:

31 Jan 2026 2:50 PM IST

Malappuram General Hospital received Rs 1000 from LDF Government in 10 year budget
X

മലപ്പുറം: മറ്റ് ജില്ലകളിൽ ആശുപത്രി നിർമാണങ്ങൾക്ക് കോടികൾ അനുവദിക്കുമ്പോൾ മലപ്പുറം ജില്ലയോടുള്ള സർക്കാർ അവ​ഗണനയുടെ തെളിവായി ജില്ലാ ജനറൽ ആശുപത്രിക്ക് അനുവദിച്ച തുക. പിണറായി സർക്കാരിന്റെ 10 വർഷത്തെ ബജറ്റിൽ മലപ്പുറം ജനറൽ ആശുപത്രിക്ക് ആകെ ലഭിച്ചത് 1000 രൂപ!. ജനറൽ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ കോടികൾ ആവശ്യമാണെന്നിരിക്കെ ഓരോ വർഷവും 100 രൂപ വീതം മാത്രമാണ് സർക്കാരിൽ നിന്ന് കിട്ടിയത്. ടോക്കൺ ആയാണ് ഈ തുക.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വേർപ്പെടുത്തി ജനറൽ ആശുപത്രി പുനഃസ്ഥാപിക്കാനാണ് മുൻ വർഷങ്ങളിലേതു പോലെ ഈ ബജറ്റിലും ടോക്കൺ ലഭിച്ചത്. കഴിഞ്ഞ വർഷം മഞ്ചേരി മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് 100 രൂപയുടെ ടോക്കൺ അനുവദിച്ചിരുന്നെങ്കിലും ഇത്തവണ അതിനെക്കുറിച്ച് ബജറ്റ് പരാമർശിക്കുക പോലും ചെയ്തില്ല. മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും വേർതിരിച്ച് സ്ഥാപിക്കാൻ വേട്ടേക്കോട് 50 ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. ഇതിൽ 25 ഏക്കർ സൗജന്യമായി വിട്ടുനൽകാമെന്ന് ഭൂവുടമകൾ സമ്മതിച്ചിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

2013ൽ മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ സ്ഥലത്ത് ജനറൽ ആശുപത്രി സ്ഥാപിക്കുമെന്നായിരുന്നു സർക്കാർ ഉറപ്പ്. ജനറൽ ആശുപത്രിക്കായി തുക അനുവദിക്കണമെന്ന് അഡ്വ. യു.എ ലത്തീഫ് എംഎൽഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ടോക്കൺ അനുവദിച്ചത് ഒഴിച്ചാൽ ഇതുവരെ ബജറ്റിൽ തുകയൊന്നും നീക്കിവച്ചില്ല. ജനറൽ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് ഇപ്പോഴും കടലാസിൽ ഒതുങ്ങിനിൽക്കുന്നത്.

അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ ആവശ്യമില്ലെന്ന സർക്കാർ നിലപാടും ജനറൽ ആശുപത്രി ഉയരുന്നതിന് തിരിച്ചടിയായി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയത് എന്നതിനാൽ രോഗികൾക്ക് മെഡിക്കൽ കോളജിന്റെ ഗുണം ലഭിക്കുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ജില്ലയിൽ നിന്ന് ആയിരങ്ങളാണ് ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത്.

സർക്കാർ കണക്ക് പ്രകാരം മറ്റു ജില്ലകളിൽ 550 രോഗികൾക്ക് ഒന്ന് എന്ന തോതിൽ കിടക്കകൾ ഉണ്ടെങ്കിലും മലപ്പുറം ജില്ലയിൽ 1643 രോഗികൾക്ക് ഒരു കിടക്ക മാത്രമാണുള്ളത്. ജനറൽ ആശുപത്രി വരാത്തതിനാൽ ജില്ലയ്ക്ക് അവകാശപ്പെട്ട പ്രധാന തസ്തികകളെല്ലാം നഷ്ടപ്പെടുകയും ചെയ്തു. രോഗപ്രതിരോധ പ്രവർത്തനങ്ങളും ജനറൽ ആശുപത്രി ഇല്ലാത്തതിനാൽ മുടങ്ങുകയാണെന്ന് നാട്ടുകാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോട്ടയം പാലാ കെ.എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിക്ക് ഇത്തവണത്തെ ബജറ്റിൽ 25 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

TAGS :

Next Story