Quantcast

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി ഇന്ന്

പള്‍സര്‍ സുനിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Updated:

    2025-12-12 02:36:48.0

Published:

12 Dec 2025 6:20 AM IST

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി ഇന്ന്
X

Photo| Special Arrangement

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുളള ശിക്ഷാവിധി ഇന്ന്. പള്‍സര്‍ സുനിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്സി ഹണി എം. വര്‍ഗീസാണ് വിധി പറയുക. ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധിക്കൊപ്പം കേസിന്‍റെ വിശദമായ വിധിപ്രസ്താവം എന്താണെന്നറിയാനുളള കാത്തിരിപ്പാണിനി.

രാവിലെ 11 മണിയോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിക്കുക. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്., രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പള്‍സര്‍ സുനി ഏഴര വര്‍ഷം റിമാന്‍ഡ് തടവുകാരന്‍ ആയിരുന്നു. മറ്റ് പ്രതികളും അഞ്ച് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞു.

ഇത് പരിഗണിച്ച് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല ചിത്രമെടുക്കൽ, ഇത് പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിൻ്റെ ഗൗരവം പരിഗണിച്ച് മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം അടക്കം കഠിനമായ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ഗൂഢാലചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എട്ടാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള നാല് പേരെ കോടതി വെറുതെ വിട്ടത്. ശിക്ഷാവിധിക്ക് പിന്നാലെ വിധിപ്രസ്താവത്തിന്‍റെ പൂര്‍ണരൂപം പുറത്തുവരും. ഇത് വിശദമായി വിലയിരുത്തിയ ശേഷം ഗൂഢാലോചനക്കേസില്‍ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെ അഭിഭാഷകയുടെയം തീരുമാനം.



TAGS :

Next Story