മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; ചർച്ച തിങ്കളാഴ്ചയും തുടരും; സമവായത്തിൽ പുരോഗതിയുണ്ടെന്ന് മന്ത്രി റോജി എം.ജോൺ
സർക്കാർ നിർദേശത്തെ പോസിറ്റീവായി കാണുന്നതായി സമരസമിതി നേതാക്കളും പ്രതികരിച്ചു

എറണാകുളം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമവായത്തിലേക്കെന്ന് സൂചന. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് തർക്കഭൂമിയുടെ തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് അഞ്ച് സെന്‍റ് സ്ഥലം നൽകണമെന്ന നിർദേശം സർക്കാർ കേസിന് പോയ ശങ്കരൻ നായരുടെ കുടുംബത്തിന് മുന്നിൽ വെച്ചു. ഇക്കാര്യത്തിൽ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കുടുംബം വ്യക്തമാക്കിയതായി മന്ത്രി റോജി എം.ജോൺ അറിയിച്ചു.
പുറത്ത് സമവായം ഉണ്ടായാൽ അത് കോടതിയെ അറിയിക്കുമെന്നും ഈ നിർദേശം കോടതി അംഗീകരിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. സർക്കാർ നിർദേശത്തെ പോസിറ്റീവായി കാണുന്നതായി സമരസമിതി നേതാക്കളും പ്രതികരിച്ചു. സമവായത്തിൽ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ച വീണ്ടും ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ജൂൺ 16 വരെ സമയം നീട്ടിനൽകിയിരുന്നു. ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി രിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജൂൺ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ജൂൺ ഒമ്പതിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷൻ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പ്രദേശവാസികളുമായി സമവായ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാൽ ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ഒരു വ്യക്തി നൽകിയ കേസിൽ അനുകൂല വിധി ലഭിക്കുകയും, സുപ്രിംകോടതി വരെ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഈ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി വഴി കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
Adjust Story Font
16

