എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷങ്ങൾക്കുമേലുള്ള ആക്രമണം: മല്ലികാർജുൻ ഖാർഗെ
മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഖാർഗെ

കൊല്ലം: എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷങ്ങൾക്കുമേലുള്ള ആക്രമണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ പൊതു സമൂഹത്തിനെതിരെയുള്ള ആക്രമണമാണ് ഇപ്പോൾ കൊണ്ട് വരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
രാജ്യത്തെ പൊതു സമൂഹത്തിനെതിരെയുള്ള ആക്രമണമാണ് ഇപ്പോൾ കൊണ്ട് വരാൻ ശ്രമിക്കുന്നത്. വഖഫ് ഭേദഗതി മുസ്ലീങ്ങൾക്ക് ഇടയിൽ ഭയമുണ്ടാക്കി. സമാനമായ രീതിയിൽ എഫ്സിആർഎ ക്രിസ്ത്യാനികൾക്കിടയിൽ ഭയമുണ്ടാക്കുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഭരണഘടന അതാണ് പറയുന്നത്. എന്നാൽ ഇന്നുണ്ടാകുന്നത് നേരെ വിപരീതമായ കാര്യങ്ങൾ ആണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മോദിയും പിണറായിയും തമ്മിൽ വ്യത്യാസം ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇരുവരുമെന്നും പറഞ്ഞു. കഴിഞ്ഞ 10 വർഷം ആയി കാണുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ മോശമായ അവസ്ഥയാണ്. കേന്ദ്രത്തിൽ മോദിയും, കേരളത്തിൽ പിണറായിയും പരസ്പരം നിയന്ത്രിച്ചു കൊണ്ടാണ് രാഷ്ട്രീയം കളിക്കുന്നത്. കൊട്ടാരക്കരയ്ക്ക് എന്താണ് സർക്കാർ തന്നതെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായങ്ങൾ, തൊഴിൽ അവസരങ്ങൾ, കശുവണ്ടി മേഖല എന്നിവ തകർച്ചയിലാണ്. കേരളത്തിലെ ക്രമസമാധാന നില മോശമായ നിലയിൽ. പ്രതികരിക്കുന്ന സ്ത്രീകളെ പൊലീസ് കൈകാര്യം ചെയ്യുന്നു. എതിർക്കുന്ന ശബ്ദങ്ങൾ അടിച്ചമർത്തുന്നു. ശബരിമല സ്വർണം സർക്കാർ കവർന്നു എന്നത് സത്യമാണ്. സ്വർണം കൊള്ളയടിക്കുന്ന സർക്കാരിന് ഇനിയും നിങ്ങൾ വോട്ട് ചെയ്യുമോ. പാരഡി ഗാനം എഴുതിയ കലാകാരന്മാർക്കെതിരെ പോലും കേരളത്തിൽ കേസെടുക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയാണോയെന്നും ഖാർഗെ.
Adjust Story Font
16

