തിരശ്ശീലയില്‍ 50 വര്‍ഷം; മമ്മൂട്ടിയെ സർക്കാർ ആദരിക്കും
മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ആഗസ്റ്റ് ആറിനാണ്

സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയെ സർക്കാർ ആദരിക്കും. സിനിമ മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചതാണ്. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസമായിരുന്നു ആഗസ്റ്റ് ആറ്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ആഗസ്റ്റ് ആറിനാണ്.
എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'അനുഭവങ്ങൾ പാളിച്ചകൾ ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്ക്രീൻടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത. ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും മമ്മൂട്ടിയുടെ പേരില്ല. ആൾക്കൂട്ടത്തിൽ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ ആദ്യ ചിത്രമായി കണക്കാക്കാനാവില്ലെന്നാണ് ഒരു വാദം. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.
1980 ൽ റിലീസ് ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്' മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ടതെന്നാണ് മറുവാദം. ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.
Adjust Story Font
16

