'ഈ കിരീടം നീ അര്‍ഹിച്ചത്'; ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ മോഹന്‍ ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിതെന്നും മമ്മൂട്ടി പറഞ്ഞു

കോഴിക്കോട്: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനം. മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
'ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി താങ്കള്‍ എന്റെ സഹോദരനാണ്, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന കലാകാരനാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.
സിനിമയെ ശ്വസിക്കുകയും സിനിമയില്‍ തന്നെ ജീവിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ കലാകാരന് ലഭിച്ചിരിക്കുന്ന അംഗീകാരം കൂടിയാണിത്. ലാല്‍, നിങ്ങളെ കുറിച്ചോര്‍ത്ത് ഏറെ സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ഈ കിരീടം നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്,' മമ്മൂട്ടി കുറിച്ചു.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും.
മികവിന്റെയും വൈവിധ്യത്തിന്റെയും പ്രതീകമാണ് മോഹന്‍ലാലേന്നും മോഹന്‍ലാലിന്റെ നേട്ടങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു
മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16

