Quantcast

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയെ കാറിൽ വലിച്ചിഴച്ച പ്രതിക്ക് മൂന്നാം ദിനം ജാമ്യം; എതിർക്കാതെ പൊലീസ്

പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകണോ എന്ന് കോടതി ചോദിച്ചെങ്കിലും ആവശ്യമില്ലെന്നായിരുന്നു പൊലീസ് മറുപടി.

MediaOne Logo

Web Desk

  • Published:

    22 Jan 2023 3:36 AM GMT

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയെ കാറിൽ വലിച്ചിഴച്ച പ്രതിക്ക് മൂന്നാം ദിനം ജാമ്യം; എതിർക്കാതെ പൊലീസ്
X

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ കാറിൽ വലിച്ചിഴച്ച പ്രതിക്ക് അറസ്റ്റിലായി മൂന്നാം ദിനം ജാമ്യം. സ്വാതി മലിവാളിന്റെ കൈ കാറിൽ കുടുക്കി പത്ത് മീറ്ററോളം വലിച്ചിഴച്ചതിന് അറസ്റ്റിലായ ഹരിഷ് ചന്ദർനാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.

നിലവിൽ പ്രതിയെ അകാല വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് പറഞ്ഞായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.45നായിരുന്നു സംഭവം. എയിംസ് ആശുപത്രി പരിസരത്ത് നിൽക്കുകയായിരുന്നു സ്വാതി മലിവാളും സുഹൃത്തുക്കളും.

ഈ സമയത്ത് വെളുത്ത കാറിലെത്തിയ ആൾ ഇവരോട് കാറിൽ കയറാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ വിസമ്മതിച്ചപ്പോൾ ഇവരെ കാറിലേക്ക് വലിച്ച്, കൈ ഡോറിൽ കുടുക്കി വാഹനം മുന്നോട്ടു കൊണ്ടുപോയി എന്നാണ് പരാതി. 10-15 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു എന്ന് പരാതിയിൽ വ്യക്തമായിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്നു തന്നെ കോട്ല പൊലീസ് അറസ്റ്റ് ചെയ്ത 47കാരനായ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. "പ്രതിയെ കസ്റ്റഡിയിൽ പാർപ്പിക്കുന്നത് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നാണ് എന്റെ അഭിപ്രായം. അതിനാൽ പ്രതി ഹരീഷ് ചന്ദർനെ 50,000 രൂപയുടെ ബോണ്ടിന് വിധേയമായി ജാമ്യത്തിൽ വിടുന്നു"- മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സംഘമിത്ര പറഞ്ഞു.

പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകണോ എന്ന് കോടതി ചോദിച്ചെങ്കിലും ആവശ്യമില്ലെന്നായിരുന്നു പൊലീസ് മറുപടി. സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത്, തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുത്, ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണവുമായി സഹകരിക്കണം, നേരിട്ടോ അല്ലാതെയോ പരാതിക്കാരിയെയും കുടുംബാംഗങ്ങളെയും മറ്റ് സാക്ഷികളെയും ബന്ധപ്പെടരുത്, കാണരുത്, ഭീഷണിപ്പെടുത്തരുത് തുടങ്ങിയവയാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ.

"ആരോപണങ്ങളുടെ സ്വഭാവം ഗൗരവമുള്ളതാണെന്നതിൽ സംശയമില്ല. എന്നാൽ പ്രതി കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന് കരുതുന്നു"- കോടതി പറഞ്ഞു. ഐ.പി.സി 323 (മനഃപൂർവം മുറിവേൽപ്പിക്കുക), 341 (തടഞ്ഞുവയ്ക്കുക), 354 (സ്ത്രീകൾക്കെതിരായ അതിക്രമം), 509 (സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വാക്കുകളോ പ്രവൃത്തിയോ ആം​ഗ്യമോ) എന്നീ വകുപ്പുകളും മോട്ടോർവെഹിക്കിൾ ആക്ടിലെ 185 വകുപ്പും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

എല്ലാ കുറ്റങ്ങൾക്കും ഏഴ് വർഷത്തിൽ താഴെ തടവ് ലഭിക്കുമെന്നും ഐ.പി.സി സെക്ഷൻ 354 ഒഴികെയുള്ള എല്ലാ കുറ്റങ്ങൾക്കും ജാമ്യം ലഭിക്കുമെന്നും കോടതി പറഞ്ഞു. വാദങ്ങൾക്കിടെ, അന്വേഷണത്തിന്റെ ആവശ്യത്തിനായി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചെങ്കിലും ആവശ്യമില്ലെന്നാണ് അവർ മറുപടി നൽകിയതെന്നും പ്രതിക്ക് മറ്റു കുറ്റകൃത്യങ്ങളിൽ പങ്കില്ലെന്നും കോടതി പറഞ്ഞു.



TAGS :

Next Story