ഷോൺ ജോർജിന്റെ ഭീഷണി വേണ്ട, ബിജെപിയുടെ തണലിൽ സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കും: മാണി സി കാപ്പൻ
സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് 'ദീപിക' കോൺഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചിരുന്നു

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നത്. പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും, ആർജവവും യുഡിഎഫിനുണ്ട് എന്ന കാര്യം അദ്ദേഹം മറക്കരുത് എന്നും മാണിസി കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്. മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഫോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും കാപ്പൻ വ്യക്തമാക്കി.
സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് 'ദീപിക' കോൺഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചിരുന്നു. എഫ്‌സിആർഎ വിഷയത്തിൽ സഭ നേതാക്കൾ ആശങ്ക പറഞ്ഞപ്പോൾ ബിജെപി ഇടപെട്ടു. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല 'ദീപിക'യിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണം. അല്ലെങ്കിൽ സഭാ മുഖപത്രം എന്ന പേര് ഉപേക്ഷിക്കണം. 'ദീപിക'ക്കെതിരെ സഭ ബിഷപ്പുമാർക്ക് പരാതി നൽകും. നിക്ഷേപകർ ആരൊക്കെയാണെന്ന് അറിയണം. ആ പണം പാലായിലെ ആളുകളുടെ കയ്യിൽ നിന്ന് പിരിച്ചു നൽകാമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു.
Adjust Story Font
16

