രക്തസാക്ഷി ഫണ്ട് തിരിമറി; സിപിഎം കൂടുതൽ പ്രതിരോധത്തിൽ
പാർട്ടി അന്വേഷണ കമ്മീഷനെ വച്ചതിന് കാരണം വ്യക്തി വിരോധമാണെന്ന വാദം നിലനിൽക്കുന്നതുമല്ല

കണ്ണൂര്‍: ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ സിപിഎം കൂടുതൽ പ്രതിരോധത്തിൽ. കണക്കുകൾ പൊതുജന മധ്യത്തിൽ പറയില്ലെന്ന നിലപാട് ആരോപണങ്ങളെ സാധൂകരിക്കുന്നു എന്ന വിമർശനം ഉയർത്തുന്നു. പാർട്ടി അന്വേഷണ കമ്മീഷനെ വച്ചതിന് കാരണം വ്യക്തി വിരോധമാണെന്ന വാദം നിലനിൽക്കുന്നതുമല്ല.
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് 51 ലക്ഷത്തിലധികം രൂപ പാർട്ടിക്ക് നഷ്ടമായെന്ന കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തലിനെ ഖണ്ഡിക്കാൻ സി പി എമ്മിന് സാധിക്കുന്നില്ല. വലിയ തോതിൽ നാണക്കേട് ഉണ്ടാക്കിയ വിഷയത്തിൽ പാർട്ടി മാധ്യമങ്ങളിൽ പോലും കണക്ക് നിരത്തി പ്രതിരോധം ഉയർത്താൻ ഇതുവരെ സിപിഎം തയ്യാറായിട്ടുമില്ല.
കണക്ക് പുറത്തു പറയുന്നതിലെ ആശങ്കയാണ് ഒളിച്ചുകളിക്ക് കാരണമെന്ന വിലയിരുത്തലുണ്ട്. പാർട്ടി നേതാക്കൻമാരെ പ്രതി സ്ഥാനത്ത് നിർത്തി പ്രചരണം ശക്തമാകുമ്പോഴും സിപിഎം കാട്ടുന്ന മെല്ലപ്പോക്ക് പലതും മറച്ചുവെക്കാൻ ആണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങൾക്ക് കണക്ക് നിരത്തി ജില്ലാ നേതൃത്വം മറുപടി പറയുമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം പോലും നടപ്പാകാതിരുന്നത് യാഥാർഥ്യം മറ്റൊന്ന് ആയതു കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രക്ത സാക്ഷി ഫണ്ട് പൊതുജനങ്ങളിൽ നിന്ന് പിരിപ്പിച്ചിട്ടില്ലെന്ന മുടന്തൻ ന്യായമാണ് കണക്ക് പുറത്തുവിടാതിരിക്കാൻ പാർട്ടിക്കുള്ള മറുപടി.
എന്നാൽ ഇത് ശരിയല്ലെന്ന് വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. പിരിച്ച തുകയിൽ ചെലവായതും നീക്കിയിരിപ്പും പറഞ്ഞാൽ തീരുന്ന പ്രശ്നം നീട്ടികൊണ്ടുപോകുന്നത് പലതും മറച്ചുവെക്കാൻ ഉള്ളത് കൊണ്ടാണെന്ന ആരോപണം. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട ഫണ്ടിലും കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ഏരിയാ കമ്മിറ്റി ഓഫീസിന് നൽകിയ തുക തിരിച്ചു വന്നിട്ടുണ്ടോ എന്ന ചോദ്യവും ഉത്തരം കിട്ടാതെ കിടക്കുകയാണ്.
Adjust Story Font
16

