കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരാൾ പിടിയില്‍
തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷാണ് പിടിയിലായത്

Photo| MediaOne
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്.
കാർട്ട്ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കിയാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് എംഡിഎംഎ പിടികൂടിയത്.
വൻതോതിലുള്ള ലഹരിമരുന്ന് വേട്ടയാണ് കരിപ്പൂരിലുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ലിജീഷ് ആന്‍റണി പുറത്തിറങ്ങിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഈ മാസം മൂന്നാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം.
Adjust Story Font
16

