Quantcast

കൂടിയാലോചനകളില്ലാതെ കാര്യങ്ങൾ; ലീഗില്‍ അസംതൃപ്തിയുമായി മുതിർന്ന നേതാക്കൾ

പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവർ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കൂടിയാലോചന നടക്കുന്നില്ലെന്നുമാണ് പരാതി.

MediaOne Logo
matters without consultation; Senior leaders are dissatisfied with the league
X

കൂടിയാലോചനയില്ലാതെ തീരുമാനങ്ങളെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയുമായി മുസ്ലിം ലീഗിലെ മുതിർന്ന നേതാക്കൾ. സമീപകാലത്ത് മുസ്ലിം ലീഗിനെ മുന്‍നിർത്തിയുണ്ടായ വിവാദങ്ങളുടെയെല്ലാം അടിസ്ഥാനം ഈ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കള്‍ പലവട്ടം അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. കേരള ബാങ്ക് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തോടെ ഈ വിഷയം കൂടുതൽ ചർച്ചയാവുകയാണ്.

സിപിഎം വെച്ചുനീട്ടിയ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം അബ്ദുല്‍ ഹമീദ് മാസ്റ്റർ സ്വീകരിച്ചത് കൂടിയാലോചന നടത്താതെയാണെന്ന ഇ ടി യുടെ പരസ്യപ്രസ്താവന ഇതിന്‍റെ ഭാഗമാണ്. ഇ ടി മുഹമ്മദ് ബഷീറിനെ കൂടാതെ എം കെ മുനീർ, പി വി അബ്ദുല്‍ വഹാബ്, കെപിഎ മജീദ്, കെ എം ഷാജി തുടങ്ങിയ നേതാക്കളും അസംതൃപ്തിയിലാണ്.



പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവർ മാത്രമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കൂടിയാലോചന നടക്കുന്നില്ലെന്നുമാണ് പരാതി. ചെറുതുരുത്തിയില്‍ നടന്ന പാർട്ടി ക്യാമ്പിന്റെ ഇടവേളയില്‍ അല്‍പം കടുപ്പിച്ച് തന്നെ മുതിർന്ന നേതാക്കള്‍ അമർഷം സാദിഖലി തങ്ങളെ അറിയിച്ചിരുന്നു. പിന്നീടും കൂടിയാലോചന നടക്കാത്ത സ്ഥിതിയുണ്ടായി. ഇതോടെ മുതിർന്ന നേതാക്കളുടെ അതൃപ്തി കടുത്തു. കോഴിക്കോട്ട് സിപിഎം സംഘടപ്പിച്ച ഫലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന അഭിപ്രായം ഇ ടി പറഞ്ഞത് ഈ അതൃപ്തിയുടെ ഭാഗമാണ്. ഇ ടിയുടെ അഭിപ്രായപ്രകടനമുണ്ടാക്കിയ പരിക്ക് പരിഹരിക്കാന്‍ പാർട്ടിക്ക് പ്രയാസപ്പെടേണ്ടി വന്നു. കൂടിയാലോചനയില്ലാതെ പാർട്ടി തീരുമാനങ്ങളുണ്ടായാല്‍ സമാന രീതിയില്‍ പ്രതികരണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് അന്ന് ഇ ടി നല്‍കിയത്. ഇതിന് പിറകേയാണ് സിപിഎം നല്‍കിയ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം സ്വീകരിക്കാനുള്ള തീരുമാനമുണ്ടായത്. കൂടിയാലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് ഇ ടി പരസ്യമായി പറഞ്ഞത് ഈ ഘട്ടത്തിലാണ്.

സ്വാദിഖലി തങ്ങള്‍ അനുമതി നല്‍കിയ ശേഷമാണ് ഹമീദ് മാസ്റ്റർ കേരള ബാങ്ക് ഭരണസമിതി അംഗത്വം സ്വീകരിച്ചതെന്ന ന്യായീകരണമാണ് പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന നേതാക്കളുടെ വിശദീകരണം. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള മലപ്പുറത്തെ നൂറിലധികം സഹകരണ സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളബാങ്ക് ഭരണസമിതി അംഗത്വം അനിവാര്യമാണെന്ന യുക്തിയും ഇവർ ഉന്നയിക്കുന്നു. യുഡിഎഫിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കൂടിയാലോചനയില്ലാതെ എടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നേതാക്കള്‍ക്കില്ല.

വിശ്വാസ്യത പോകുന്നുവെന്ന് വിലയിരുത്തല്‍

വിശ്വസിക്കാവുന്ന പാർട്ടിയെന്ന മുസ്ലിം ലീഗിന്റെ മേല്‍വിലാസം കളഞ്ഞു കുളിക്കുന്നതാണ് നിലവിലെ സാഹചര്യമെന്ന് സിപിഎം വിരുദ്ധരായ മുതിർന്ന പാർട്ടി നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. യുഡിഎഫിന്‍റെ ഭാഗമായി നില്‍ക്കേ പാർട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പമുണ്ടാക്കുന്ന സമീപനം ലീഗില്‍ നിന്ന് ഉണ്ടായി.

പിണറായി സർക്കാരിനോടുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ മൃദു സമീപനം, സിപിഎമ്മിന്റെ ലീഗ് പ്രകീർത്തനം, ഏകസിവില്‍കോഡ് -പലസ്തീന്‍ ഐക്യദാർഢ്യ പരിപാടികളില്‍ ലീഗ് പങ്കെടുക്കുമോ എന്നതില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത് തുടങ്ങിയവയെല്ലാം വിശ്വാസ്യത തകർക്കുന്ന നടപടികളാണെന്ന നിലാപാട്ടാണ് പല നേതാക്കൾക്കുമുള്ളത്. സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന ലീഗ് അണികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇത് വഴിവെച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗ് അടങ്ങുന്ന യുഡിഎഫിന് രാഷ്ട്രീയ നഷ്ടമുണ്ടാകാനുള്ള സാധ്യതയും ഒരു വിഭാഗം ആശങ്കപ്പെടുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനകം തന്നെ ലീഗിനോട് അവിശ്വാസം വർധിച്ചിട്ടുണ്ട്. യുഡിഎഫിന്‍റെ കരുത്തായ മുസ്ലിം ലീഗിനെ മരവിപ്പിച്ച് നിർത്തി മുന്നണിയെ തന്നെ ദുർബ്ബലപ്പെടുത്തുകയാണ് സിപിഎം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്.



ആബിദ് ഹുസൈന്‍ തങ്ങളെ ലക്ഷ്യമിട്ട് നീക്കം

കോളജ് അധ്യാപകനായി വിരമിച്ച ശേഷം പാർട്ടിയില്‍ സജീവമായ ആബിദ് ഹുസൈന്‍ തങ്ങള്‍ പാർട്ടിയുടെ വൈസ് പ്രസിഡണ്ടാണ് . മുസ്ലിം ലീഗില്‍ വിപുലമായ അധികാരം അദ്ദേഹം കയ്യാളുന്നുണ്ട്. പാണക്കാട്ടെ ദൈനംദിന കൂടിയാലോചനകളില്‍ പങ്കാളിയാകുന്ന ആബിദ് ഹുസൈന്‍ തങ്ങള്‍ പാർട്ടിയിലെ പ്രധാന അധികാര കേന്ദ്രമാണ് ഇപ്പോൾ. സാദിഖലി തങ്ങളുടെ തീരുമാനങ്ങളില്‍ കുഞ്ഞാലിക്കുട്ടിയും പിഎം എ സലാമും ആബിദ് ഹുസൈന്‍ തങ്ങളുമാണ് പങ്കാളികളാകുന്നത്. ഇ ടിയും മജീദും വഹാബും അടക്കമുള്ള നേതാക്കള്‍ക്ക് ലഭിക്കാത്ത പരിഗണന ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ യുക്തി നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ റാലിയില്‍ മുതിർന്ന നേതാക്കളുടെ പരിഗണനയും മുന്‍നിരയില്‍ സീറ്റും ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്നു. അടുത്ത നേതൃയോഗങ്ങളില്‍ ഈ വിഷയവും ഉന്നയിക്കാനാണ് മുതിർന്ന നേതാക്കള്‍ക്കിടയിലെ ധാരണ.

TAGS :

Next Story