Quantcast

പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരായ വിമർശനങ്ങളെ നിശബ്ദമാക്കുന്ന നടപടി; രാഹുൽ ഗാന്ധിയെ പിന്തുണച്ച് എം.ബി. രാജേഷ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-03-24 14:56:14.0

Published:

24 March 2023 2:40 PM GMT

criticism , Prime Minister, central government, MB Rajesh, Rahul Gandhi,
X

തിരുവനന്തപുരം: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടി അപലപനീയമെന്ന് മന്ത്രി എം.ബി രാജേഷ്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരായ എല്ലാ വിമർശനങ്ങളെയും എങ്ങനെയും നിശബ്ദമാക്കുക എന്ന മനോഭാവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രിയത്തോട് വിയോജിപ്പ് ഉള്ളവർക്ക് പോലും ഈ നടപടി അംഗീകരിക്കാൻ ആവില്ലെന്നും കക്ഷി രാഷ്ട്രിയത്തിന് അതീതമായി എല്ലാവരും ഈ ആപത്ത് തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

'ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ ജനാധിപത്യവും അത് ഉറപ്പുനൽകുന്ന അവകാശങ്ങളുമൊന്നും ഇവിടെ അവശേഷിക്കുകയില്ല. അതിനാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഉറച്ച, കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്നുവരണം' - എം.ബി രാജേഷ്.

രാഹുൽ 2019ൽ കർണാടകയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ​ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതാണ് അയോ​ഗ്യതയ്ക്ക് കാരണമായത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുൽ ചോദിച്ചത്.

നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസം​ഗം. ഇത്, മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബി.ജെ.പി എംഎൽഎയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്

രണ്ട് വർഷം തടവിന് ശിക്ഷിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ നൽകാൻ 30 ദിവസത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റാണ് അദ്ദേഹത്തെ അയോ​ഗ്യനാക്കിയത്. ഇനി ആറ് വർഷത്തേക്ക് രാഹുലിന് മത്സരിക്കാൻ സാധിക്കില്ല.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ധൃതി പിടിച്ച് റദ്ദാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഈ നടപടിയിൽ കേവലമായ ജനാധിപത്യ വിരുദ്ധത മാത്രമല്ല നമുക്ക് കാണാനാവുക. ഈ നടപടിയിൽ ഫാസിസ്റ്റ് കാലൊച്ച കേൾക്കാൻ കഴിയും. ഇന്ത്യൻ ജനാധിപത്യം ഇന്ന് അകപ്പെട്ട് കഴിഞ്ഞിട്ടുള്ള അഗാധമായ പ്രതിസന്ധി യുടെയും നേരിടുന്ന വെല്ലുവിളിയുടെയും സൂചന രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കാണാം. തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹത്തിനെതിരായിട്ടുള്ള നടപടി ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും നടപടികളെ വിമർശിക്കാൻ ഉപയോഗിച്ച ഒരു വാക്കിനെ ദുർവ്യാഖ്യാനിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നടപടിയിലേക്ക് കാര്യങ്ങളെത്തിയിട്ടുള്ളത്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും എതിരായ എല്ലാ വിമർശനങ്ങളെയും എങ്ങനെയും നിശബ്ദമാക്കുക എന്ന മനോഭാവമാണ് നമുക്ക് കാണാനാവുക. ജനാധിപത്യത്തെ അർഥശൂന്യമാക്കുന്ന അസഹിഷ്ണുതയുടെ പരകോടിയാണിത്.

ഒരു അവസരം കിട്ടാൻ കാത്തുനിന്നതു പോലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇപ്പോൾ പ്രവർത്തിച്ചിരിക്കുന്നത്. ഈ നടപടി സൃഷ്ടിക്കുന്ന ആപത്തിന്റെ ഗൗരവം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവർക്കും അദ്ദേഹത്തെ അയോഗ്യനാക്കിയ ഈ നടപടിയുടെ പിന്നിൽ പതിയിരിക്കുന്ന ഫാസിസ്റ്റ് മനോഭാവത്തെ തരിമ്പും അംഗീകരിക്കാനാവില്ല. ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിൽ അഭൂതപൂർവമായ വെല്ലുവിളികളിലൂടെ കടന്നുപോവുകയാണ്. ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ, ജനാധിപത്യവും അത് ഉറപ്പുനൽകുന്ന അവകാശങ്ങളുമൊന്നും ഇവിടെ അവശേഷിക്കുകയില്ല. അതിനാൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഉറച്ച, കഴിയാവുന്നത്ര ഉച്ചത്തിലുള്ള പ്രതിഷേധം ഉയർന്നുവരണം

TAGS :

Next Story