സജി ചെറിയാന്റെ മതസ്പർദ്ധ സ്ഫുരിക്കുന്ന പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: മെക്ക
പൗരൻമാരുടെ പേര് നോക്കി വർഗീയമാപിനി ഉപയോഗിക്കാൻ സാംസ്‌കാരിക മന്ത്രിയെ ഔദ്യോഗികമായി സംസ്ഥാന സർക്കാർ ഏൽപ്പിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മെക്ക ഭാരവാഹികൾ ആവശ്യപ്പെട്ടു

- Published:
19 Jan 2026 1:58 PM IST

കൊച്ചി: മതനിരപേക്ഷ രാജ്യത്തിന്റെ ഭരണഘടനതൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംസ്‌കാരശൂന്യവും പച്ച വർഗീയതയുമാണെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി.നസീറും ജനറൽ സെക്രട്ടറി എൻ.കെ അലിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പൗരൻമാരുടെ പേര് നോക്കി വർഗീയമാപിനി ഉപയോഗിക്കാൻ സാംസ്‌കാരിക മന്ത്രിയെ ഔദ്യോഗികമായി സംസ്ഥാന സർക്കാർ ഏൽപ്പിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മതവിദ്വേഷ പ്രഭാഷണവും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും സത്യപ്രതിജ്ഞാ ലംഘനമാണ്.
വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന സമുദായ സംഘടനാ നേതാക്കളെയും സഖാക്കളെയും പാലൂട്ടി വളർത്തുന്ന പാർട്ടിക്കും മുഖ്യമന്ത്രിക്കുമൊപ്പം സാംസ്‌കാരികമന്ത്രിയും പ്രചാരകനായി മാറുന്നത് പോർട്ട് ഫോളിയോയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി വെള്ളാപ്പള്ളിയുടെ ഭാഷയാണ് സംസാരിക്കുത്. അടിയന്തരമായി മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി അന്വേഷിക്കുവാൻ സർക്കാർ തയ്യാറാവണം. രണ്ട് ജില്ലകളിലെ ജനപ്രതിനിധികളുടെ പേര് മാത്രം നോക്കിയ മന്ത്രി മറ്റ് 12 ജില്ലകളിലെ പേര് നോക്കാനും കാണാനുമുള്ള അറിവും കഴിവുമില്ലാത്ത തനി വർഗീയവാദിയാണെ് തെളിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ, ഭരണപരാജയം, സാമ്പത്തികപ്രതിസന്ധി, വിലക്കയറ്റം, ശബരിമല സ്വർണക്കൊള്ള എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്ന സർക്കാർ കേരള ജനതയോടും പ്രത്യേകിച്ച് മുസ്‌ലിംകളോടും യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും മെക്ക ഭാരവാഹികൾ കുറ്റപ്പെടുത്തി.
Adjust Story Font
16
