'തുന്നലിട്ട കാലിൽ നിന്നും മരക്കഷ്ണങ്ങൾ പുറത്തെടുത്തു'; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്
മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിൻ്റെ കാലിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. മരത്തിൽ നിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സ തേടിയ ഭരതന്നൂർ സ്വദേശി വി. മധുവിൻ്റെ കാലിൽ നിന്ന് മരക്കഷ്ണങ്ങൾ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
മാർച്ച് 21നാണ് മരത്തിൽ നിന്ന് വീണ് പരിക്കേറ്റ മധു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കാലിലെ മുറിവിന് ഇവിടെ വെച്ച് തുന്നലിടുകയും മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും മുറിവ് ഉണങ്ങുന്നതിന് പകരം പഴുക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു.
മുറിവ് വഷളായതോടെ മധു നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് കാലിനുള്ളിൽ മരക്കഷ്ണങ്ങൾ ഉള്ളതായി എക്സ്റേയിലൂടെ വ്യക്തമായത്.
മെഡിക്കൽ കോളജിൽ പ്രഥമ ശുശ്രൂഷ നൽകിയപ്പോൾ തന്നെ മുറിവ് വേണ്ടത്ര പരിശോധിക്കാനോ കൃത്യമായി വൃത്തിയാക്കാനോ ഡോക്ടർമാർ തയ്യാറായില്ലെന്നാണ് മധുവിൻ്റെ കുടുംബം ആരോപിക്കുന്നത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് കുടുംബം പരാതി ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Adjust Story Font
16

