'അവാർഡ് സ്വീകരിക്കുന്നവർക്കും യോഗ്യത വേണം, അല്ലെങ്കിൽ നാട്ടിൽ പത്മ അവാർഡ് കൊടുക്കുന്നത് പോലെയാകും'; വെള്ളാപ്പള്ളിക്കെതിരെ പരോക്ഷവിമർശനവുമായി മന്ത്രി ഗണേഷ്കുമാർ
പത്തനാപുരം ഗാന്ധിഭവനിലെ ഗതാഗത വകുപ്പിന്‍റെ ഐഡിടിആര്‍ സബ് സെന്ററിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. അവാര്‍ഡ് വാങ്ങുന്നയാള്‍ക്കും കൊടുക്കുന്നയാള്‍ക്കും വളരെ പ്രസക്തിയുണ്ടാവണമെന്നിരിക്കെ അവാര്‍ഡ് വാങ്ങുന്നവര്‍ക്ക് യോഗ്യതയില്ലെങ്കില്‍ നാട്ടിൽ പത്മ അവാര്‍ഡ് കൊടുക്കുന്നത് പോലെയാകുമെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു. പത്തനാപുരം ഗാന്ധിഭവനിലെ ഗതാഗത വകുപ്പിന്‍റെ ഐഡിടിആര്‍ സബ് സെന്ററിന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അമ്മമാര്‍ക്ക് ജീവിതമെന്തെന്ന് കാണിച്ചുകൊടുത്ത ഭവനമാണ് ഗാന്ധിഭവന്‍. ആ ഭവനത്തില്‍ നിന്ന് കൊടുക്കുന്ന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്, വാങ്ങുന്നയാളും കൊടുക്കുന്നയാളും പ്രസക്തമായിരിക്കും. കൊടുക്കുന്നയാള്‍ എത്ര വലിയവനാണെങ്കിലും വാങ്ങുന്നയാള്‍ യോഗ്യനല്ലെങ്കില്‍ അവാര്‍ഡിന് വിലയില്ലാതായി പോകും. മഹാത്മജിയുടെ നാമത്തിലുള്ള അവാര്‍ഡ് യാതൊരു എത്തിക്‌സും ഇല്ലാത്ത ഒരാള്‍ക്ക് കൊടുത്താല്‍ നമ്മുടെ നാട്ടില്‍ പത്മ അവാര്‍ഡുകള്‍ കൊടുക്കുന്നത് പോലെയാകും'. ഗണേഷ്‌കുമാര്‍ പറഞ്ഞു.
നേരത്തെ, എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യനീക്കത്തിന് പിന്നില്‍ ചതിയുണ്ടെന്ന കെ.ബി ഗണേഷ്‌കുമാറിന്റെ പ്രസ്താവനക്കെതിരെ വെള്ളാപ്പള്ളി നടേഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. എല്ലാവരുമായും പ്രശ്‌നമുണ്ടാക്കുന്ന ആളാണ് ഗണേഷനെന്നും സ്വന്തം അച്ഛനെയും ഭാര്യയെയും അടക്കം എത്രയോ പേരെയോ ചതിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചിരുന്നു. രാഷ്ട്രീയത്തിലെ ചതിയന്‍ ചന്തുവാണ് ഗണേഷ്‌കുമാറെന്നും ഇത്രയും ധാര്‍ഷ്യത്തോടെ മറ്റൊരു മന്ത്രിയുണ്ടോയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പിന്നാലെയാണ് ഗണേഷ്‌കുമാറിന്റെ പരോക്ഷവിമര്‍ശനം.
നേരത്തെ, ഗണേഷ്‌കുമാറിനെതിരെ പത്തനാപുരം എന്‍എസ്എസ് യൂണിയനില്‍ പടയൊരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പത്മ കഫെ നിര്‍മാണത്തിലെ അഴിമതിയടക്കം വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേഷ്‌കുമാറിനെ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, പത്തനാപുരം താലൂക്ക് യൂണിയനില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യൂണിയനിലെ പണം അടിച്ചെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസുകാരാണ് പിന്നിലെന്നും ആരോപിച്ച് മന്ത്രി പ്രതികരിക്കുകയും ചെയ്തു. 'പത്തനാപുരം താലൂക്ക് യൂണിയനില്‍ ഒരു പ്രശ്‌നവും ഇല്ല. താലൂക്ക് യൂണിയനിലെ ചിലര്‍ പണം അടിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് നേരാണ്. എന്റെ അച്ഛന്റെ സമ്പാദ്യമാണ് പത്തനാപുരം താലൂക്ക് യൂണിയന്‍. എന്റെ അച്ഛന്റെ മുതല്‍ വിറ്റുണ്ടാക്കിയതാണ് താലൂക്ക് യൂണിയന്‍. നായന്മാര്‍ക്ക് ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലെ പ്രശ്‌നങ്ങള്‍'. ഗണേഷ്‌കുമാര്‍മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

