Quantcast

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന പരാതി; ലോകായുക്ത വിധി ഇന്ന്

മുഖ്യമന്ത്രിക്ക് നിർണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങുന്ന ഫുള്‍ ബഞ്ചാണ് വിധി പറയുന്നത്

MediaOne Logo

Web Desk

  • Published:

    13 Nov 2023 12:50 AM GMT

Lokayukta
X

കേരള ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് വിധി പറയും. മുഖ്യമന്ത്രിക്ക് നിർണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങുന്ന ഫുള്‍ ബഞ്ചാണ് വിധി പറയുന്നത്. വിധി പറയുന്നതില്‍ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന് ഹരജിയും ലോകായുക്ത പരിഗണിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഹരജിയില്‍ ഉണ്ടായിരുന്നത്. എന്‍സിപി നേതാവായിരിന്ന ഉഴവൂർ വിജയന്‍,സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനത്തിലെ പൊലീസുകാരന്‍,സി.പി.എം മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍റെ കുടുംബത്തിനടക്കം അനധികൃതമായി പണം നല്‍കിയെന്നതായിരുന്നു ആരോപണം. ആദ്യ പിണറായി മന്ത്രിസഭ എടുത്ത തീരുമാനത്തിനെതിരെ അഞ്ച് വര്‍ഷം മുന്‍പാണ് പൊതുപ്രവർത്തകനായ ആർ.എസ് ശശികുമാർ ലോകായുക്തയെ സമീപിച്ചത്.മുഖ്യമന്ത്രിയും ആ മന്ത്രിസഭയിലെ 18 അംഗങ്ങളുമായിരുന്നു എതിർകക്ഷികള്‍.

ഹരജിയില്‍ വിശദവാദം കേട്ട ലോകായുക്തയുടെ രണ്ടംഗ ബഞ്ചിന് വ്യത്യസ്ത അഭിപ്രായമുണ്ടായതിനെ തുടർന്ന് മൂന്നംഗ ബഞ്ചിന് വിട്ടു. മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതായിരിന്നു ഫുള്‍ ബഞ്ച് പ്രധാനമായും പരിഗണിച്ചത്. മന്ത്രിസഭ തീരുമാനം ഒരാളുടേത് മാത്രമായി കണക്കാക്കാനാവില്ലെന്നും അത് കൂട്ടായ തീരുമാനമാണെന്നും വാദത്തിനിടെ ലോകായുക്ത പരാമർശിച്ചിരുന്നു. ലോകായുക്ത നിയമത്തിലെ സെഷന്‍ 14ാം പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമനിർമ്മാണത്തില്‍ ഗവർണർ ഒപ്പിടാത്തത് കൊണ്ട് മുഖ്യമന്ത്രിയെ സംബന്ധിച്ച് വിധി നിർണായകമാണ്.

സെഷന്‍ 14ാം പ്രകാരം മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് വിധിച്ചാല്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ഇതിന്‍മേല്‍ അപ്പീല്‍ പോകാനും നിലവിലെ നിയമപ്രകാരം നടക്കില്ല. പരാതിയില്‍ പറയുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ ആത്മകഥ പ്രകാശനം ചെയ്ത് ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റി നിർത്തണമെന്ന പരാതിക്കാരന്‍റെ ഹരജിയിലായിരിക്കും ആദ്യം വിധി ഉണ്ടാവുക.



TAGS :

Next Story