കോഴിക്കോട് കെഎസ്ആർടിസി നിര്‍മാണത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്ത് മുന്‍ എംഎല്‍എ പ്രദീപ്കുമാറിന്‍റെ പഴയ വിഡിയോ

ടെര്‍മിനല്‍ ആശയം മുന്നോട്ടുവച്ചതു മുതൽ അതിവേഗത്തിൽ നിർമാണം പൂർത്തീകരിക്കാനായതിന്റെ അടക്കം ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ടുള്ള എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ എതിരാളികള്‍ ആയുധമാക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-10 10:10:37.0

Published:

10 Oct 2021 10:09 AM GMT

കോഴിക്കോട് കെഎസ്ആർടിസി നിര്‍മാണത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്ത് മുന്‍ എംഎല്‍എ പ്രദീപ്കുമാറിന്‍റെ പഴയ വിഡിയോ
X

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിലെ അഴിമതിയെച്ചൊല്ലി പാർട്ടികൾ തമ്മിൽ ആരോപണപ്രത്യാരോപണം സജീവമാകുന്നതിനിടെ സിപിഎമ്മിന് തിരിച്ചടിയുമായി പഴയ വിഡിയോ. കെഎസ്ആർടിസി സമുച്ചയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ടുള്ള മുൻ എംഎൽഎ എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ എതിരാളികള്‍ ആയുധമാക്കുന്നത്. ബസ് ടെർമിനലിന്റെ നിർമാണ ആശയം മുന്നോട്ടുവച്ചതു മുതൽ അതിവേഗത്തിൽ നിർമാണം പൂർത്തീകരിക്കാനായതിന്റെ അടക്കം ക്രെഡിറ്റ് വിഡിയോയിൽ പ്രദീപ്കുമാർ ഏറ്റെടുക്കുന്നുണ്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി തയാറാക്കിയ വിഡിയോയിലാണ് ബസ് ടെർമിനൽ നിർമാണം സ്വന്തം നേട്ടമായി പ്രദീപ്കുമാർ എടുത്തുപറയുന്നത്. പഴകിദ്രവിച്ച് പൊളിഞ്ഞുവീഴാറായിരുന്ന കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ പുനർനിർമിക്കാനുള്ള ആവശ്യം മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ഗതാഗത വകുപ്പുമന്ത്രി മാത്യു ടി തോമസിനു മുൻപാകെ ആദ്യമായി സമർപ്പിച്ചത് താനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വളരെ വേഗത്തിൽ തന്നെ അന്ന് സർക്കാർ അതിന് അനുമതി നൽകി. 65 കോടി രൂപാ ചെലവിൽ ഇന്നു കാണുന്ന നിലയിൽ കെഎസ്ആർടിസി സമുച്ചയും പണി തീർക്കുകയും ചെയ്‌തെന്നും വിഡിയോയിൽ അദ്ദേഹം പറയുന്നു.

ബസ് ടെർമിനലിന്റെ സൗകര്യങ്ങളും പ്രത്യേകതകളുമെല്ലാം വിഡിയോയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അണ്ടർ ഗ്രൗണ്ടിൽ 400ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള അതിവിശാലമായ സൗകര്യം, തൊട്ടുമുകളിൽ വിശാലമായ ഷോപ്പിങ് മാളുകൾക്കു വേണ്ടിയുള്ള സൗകര്യം, അടുത്ത നിലയിൽ ബസ് സ്റ്റേഷനും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. തൊട്ടടുത്ത കെട്ടിടത്തിൽ ജില്ലാ ബസ് സ്റ്റേഷൻ ഓഫീസും വർക്ക്‌ഷോപ്പും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. 40 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. ഫുഡ് കോർട്ടും പത്തുനില വീതമുള്ള ട്വിൻ ടവറുമുണ്ട്. ഇവിടെ മൾട്ടി പ്ലക്‌സിനും ഹോട്ടലുകളോ വാണിജ്യ സ്ഥാപനങ്ങളോ നടത്താനുമുള്ള സൗകര്യങ്ങളുണ്ടെന്നും കേരളത്തിലെ തന്നെ ഏറ്റവും വലിയ കെഎസ്ആർടിസി ബസ് സ്‌റ്റേഷനായി കോഴിക്കോട്ടെ ടെർമിനൽ മാറിയിരിക്കുകയാണെന്നും വിഡിയോയിൽ അദ്ദേഹം അവകാശപ്പെടുന്നു.

അതിനിടെ, ബസ് ടെർമിനൽ നിർമാണത്തിലെ അഴിമതിയിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് സർക്കാർ. നിർമാണമേൽനോട്ടം വഹിച്ച കെടിഡിഎഫ്‌സി ചീഫ് എൻജിനീയറെയും ആർക്കിടെക്ടിനെയും വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. ബസ് ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ചെന്നൈ ഐഐടിക്ക് ഗതാഗത മന്ത്രി നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

50 കോടി വകയിരുത്തിയ പദ്ധതി 2015ൽ പൂർത്തിയായപ്പോൾ ചിലവായത് 74.63 കോടിയായിരുന്നു. അങ്കമാലി ബസ് ടെർമിനൽ നിർമിച്ച അതേ കരാറുകാരൻ തന്നെയാണ് കോഴിക്കോട് ബസ് ടെർമിനലിന്റെ കരാറുമെടുത്തത്. കെടിഡിഎഫ്‌സി ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെയാണ് ഇയാൾക്ക് തന്നെ കരാർ കിട്ടിയെന്ന ആക്ഷേപം അന്നേ ഉയർന്നിരുന്നു. ടെൻഡർ നടപടികൾ മുതൽ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്.

ചെന്നൈ ഐഐടി നിർദ്ദേശിക്കുന്ന ഏജൻസിയെ കൊണ്ട് ബലക്ഷയം പരിഹരിക്കും. ഇതിനായുള്ള ചെലവ് കെടിഡിഎഫ്‌സി തന്നെ വഹിക്കേണ്ടി വരും. ഏകദേശം 30 കോടി രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്.

TAGS :

Next Story