'ഇടത് സര്‍ക്കാരിൻ്റെ കാലത്ത് ശബരിമല കൊള്ള നടന്നു': സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച് മോദി
'കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസിലേക്കാണ്'

- Published:
4 April 2026 7:05 PM IST

തിരുവല്ല: എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം.
'ഇടത് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നു. കൊള്ളയുടെ ചരട് നീളുന്നത് കോണ്‍ഗ്രസിലേക്കാണ്. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകും' -തിരുവല്ലയിലെ പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.
ആദ്യമായാണ് മോദി പ്രചാരണത്തില്‍ സ്വര്‍ണക്കൊള്ള ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ എത്തിയപ്പോള്‍ മറ്റ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും സ്വര്‍ണക്കൊള്ളയില്‍ മിണ്ടിയിരുന്നില്ല.
ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു. ഇത്തവണ മാറ്റത്തിന്റെ കാറ്റ് അനുഭവപ്പെടുന്നു. ആദ്യമായി എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാകാന്‍ പോകുന്നു.
ബിജെപി അധികാരത്തിലെത്തിയാല്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടും. ഇവിടെ വികസനത്തിന്റെ പുതിയ വെളിച്ചം വരും. ക്രൈസ്തവരുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ബിജെപി വികസനം കൊണ്ടുവന്നു. കേരളത്തില്‍ വഴിമുട്ടി നിന്ന ദേശീയപാതാ വികസനം സാധ്യമാക്കി. ശബരി വിമാനത്താവള പദ്ധതി വരുന്നതോടെ പുതിയ വികസനത്തിന് വഴിതെളിയുമെന്നും മോദി പറഞ്ഞു.
Adjust Story Font
16
