Quantcast

ആറു വയസുകാരനെ ചവിട്ടിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദ് പ്രതിയായ കേസിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-11-04 13:54:48.0

Published:

4 Nov 2022 12:04 PM GMT

ആറു വയസുകാരനെ ചവിട്ടിയ കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
X

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിയ കേസിലെ പ്രതിയായ പൊന്ന്യം സ്വദേശി മുഹമ്മദ് ഷിഹാദിനെ(20)നെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടിയെടുത്തത്. പ്രതി നടത്തിയത് നരഹത്യാശ്രമമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. കുട്ടിയുടെ തലക്ക് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. പ്രതിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അതേസമയം സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. കണ്ണൂർ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷൻ നോട്ടീസയച്ചു. ഏഴ് ദിവസത്തിനകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു. കുട്ടിയെ മർദ്ദിച്ചയാൾക്കെതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്യണമെന്നും ശിശുക്ഷേമ സമിതി മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. ആവശ്യമെങ്കിൽ കുട്ടിക്ക് വിദഗ്ധ ചികിൽസ ഉറപ്പാക്കാനും പറഞ്ഞു.

അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.സി.പി നിധിൻരാജ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതി ഷിഹാദിനെനെതിരെ ചുമത്തിയത്. ഇന്നലെ സംഭവം അറിഞ്ഞ ഉടനെ നടപടിയെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി തന്നെ പൊലീസ് കൃത്യമായി ഈ വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞു. അതിരാവിലെ തന്നെ ആളെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്. കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിലാണുള്ളത്. കുട്ടിയുടെ ആരോഗ്യനില ഡോക്ടർ പരിശോധിച്ച് വരികയാണ്. അതിഥി തൊഴിലാളികൾക്ക് വേണ്ടി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്നും ഈ വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടെന്നും എ.സി.പി നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുന്നുവെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡി ജി പി പറഞ്ഞു.

ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചവിട്ടേറ്റ ഗണേഷിൻറെ നടുവിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ഷിഹാദ് കാർ നിർത്തിയതിനു ശേഷം ടെക്സ്റ്റൈൽ ഷോപ്പിലേക്ക് പോയ സമയത്താണ് ഗണേഷ് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ഷിഹാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കളായ കുട്ടികൾ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിഹാദ് പറഞ്ഞത്.



Mohammed Shihshad, a native of Ponnyam, accused in the case of kicking a six-year-old boy for leaning on a car in Thalassery, was remanded for 14 days.

TAGS :

Next Story