ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നെന്ന് മോഹൻലാൽ
വിമർശനങ്ങളെ തോളേറ്റി നടക്കാറില്ലെന്നും 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും മോഹൻലാൽ പറഞ്ഞു

കൊച്ചി: ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ കൊച്ചിയിലെത്തി സന്തോഷം പങ്കിട്ട് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. തനിക്ക് ലഭിച്ച ബഹുമതി മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്നും 48 വർഷം തന്നോടൊപ്പം സഹകരിച്ച എല്ലാവരെയും ഈ നിമിഷം ഓർക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. എളമക്കരയിലെ വീട്ടിലെത്തി അമ്മയെ കണ്ടശേഷം സുഹൃത്തുക്കൾക്കൊപ്പം കേക്കുമുറിച്ചാണ് മോഹൻലാൽ സന്തോഷം പങ്കിട്ടത്.
പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിൽ ആയിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എളമക്കരയിലുള്ള വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വിങ്ങി, പിന്നീട് വാർത്താസമ്മേളനം. താൻ സ്വപ്നത്തിൽ പോലും കാണാത്ത പുരസ്കാരമാണെന്നും മലയാള സിനിമയ്ക്ക് പരിമിതികൾ ഇല്ലെന്നും മോഹൻലാൽ പറഞ്ഞു.
വിമർശനങ്ങളെ താൻ തോളിലേറ്റി വയ്ക്കാറില്ല, കഴിഞ്ഞ കാര്യങ്ങളെകുറിച്ച് ചിന്തിക്കാറില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പുരസ്കാര വിവരം അറിയിച്ചപ്പോൾ വിശ്വാസമായില്ലെന്നും മോഹൻലാൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് മോഹൻലാൽ ആഹ്ലാദം പങ്കിട്ടു. സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, നിർമ്മാതാവ് രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി തുടങ്ങിയവർ മോഹൻലാലിനൊപ്പം പത്രസമ്മേളനത്തിന് എത്തിയിരുന്നു. 23ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങും.
Adjust Story Font
16

