കാലവർഷം ഞായറാഴ്ച മുതൽ; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരം: രാജ്യത്ത് കാലവർഷം മെയ് 19 ഞായറാഴ്ച മുതൽ എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആദ്യം ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപിലുമാണ് കാലവർഷം എത്തുക. സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിൽ നിന്ന് വിദർഭ മേഖലയിലേക്ക് മറ്റൊരു ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 19ന് ശക്തമായ മഴയ്ക്കും 15 മുതൽ 19വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മി.മീ മുതൽ 115.5 മി.മീ മഴ ലഭിക്കുന്നതാണ് ശക്തമായ മഴ. 19ന് കേരളത്തിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയുണ്ടാവും എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പും നൽകുന്നുണ്ട്.
Adjust Story Font
16