തൃശൂർ ക്യാപിറ്റൽ വില്ലേജിലെ വ്യാജ വോട്ടിൽ കൂടുതൽ തെളിവുകൾ; വോട്ട് ചേർത്തത് തിരുവനന്തപുരം സ്വദേശി
സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാറാണ് തൃശൂരിൽ വ്യാജ വോട്ടുള്ളത്

തൃശൂർ: തൃശൂർ ക്യാപിറ്റൽ വില്ലേജിലെ വ്യാജ വോട്ടിൽ കൂടുതൽ തെളിവുകൾ. പൂങ്കുന്നത്തെ ക്യാപ്പിറ്റൽ അപ്പാർട്ട്മെന്റിൽ താമസിക്കാതെ വോട്ടുചേർത്തത് തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാർ. തിരുവനന്തപുരം പുന്നയ്ക്കാമുകൾ സ്വദേശിയായ സന്തോഷ് കുമാർ തൃശൂർ പൂങ്കുന്നത് വ്യാജ മേൽവിലാസത്തിലാണ് വോട്ട് ചേർത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ള ആളാണ് സന്തോഷ് കുമാർ.
തൃശൂർ ക്യാപ്പിറ്റൽ വില്ലേജിലെ വോട്ടറായ അജയകുമാർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറായ തിരുവനന്തപുരത്തെ അജയകുമാറാണെന്ന വിവരമാണ് ഇന്നലെ മീഡിയവൺ പുറത്തുവിട്ടത്. ക്യാപ്പിറ്റൽ വില്ലേജിലെ വോട്ടർപട്ടികയിലെ മറ്റൊരു തലസ്ഥാന വോട്ടറുടെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
തിരുവനന്തപുരം പുന്നായ്ക്കാമുകൾ സ്വദേശിയാണ് സന്തോഷ് കുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിലും സന്തോഷ് കുമാറിന് വോട്ട് പാങ്ങോട് എൽപി സ്കൂളിലാണ്. തൃശൂരിലെയും തിരുവനന്തപുരത്തെയും വോട്ടർ ഐഡി നമ്പർ രണ്ടും സന്തോഷ് തന്നെയെന്ന് തെളിയിക്കുന്നു.
ലോകസഭാ തെരഞ്ഞടുപ്പിൽ മാത്രം സന്തോഷ് കുമാർ എങ്ങനെ തൃശൂരിലെ വോട്ടർ ആയി എന്നതാണ് ചോദ്യം. കേരളത്തിൽ 20 ലോകസഭാ മണ്ഡലങ്ങൾ ബിജെപി ജയിച്ചത് തൃശൂരിൽ മാത്രമാണ്. തൃശൂരിലെ ജയം അട്ടിമറിയാണെന്ന സംശയത്തിനാണ് പുറത്തുവരുന്ന ഓരോ രേഖകളും ആക്കം കൂട്ടുന്നത്.
Adjust Story Font
16

