ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ നിർദേശം; ഉടൻ കേസ് രജിസ്റ്റർ ചെയ്യും
ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരേയും പ്രതി ചേർത്തേക്കും.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താനാണ് നിർദേശം നൽകിയത്. കവർച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്താൻ നേരത്തെ എസ്ഐടി തീരുമാനിച്ചിരുന്നു. ഇതുകൂടാതെയാണ് പുതിയ വകുപ്പ് ചുമത്തുക.
ഇതിനിടെ, സ്വർണക്കൊള്ളയിൽ അന്വേഷണസംഘം ഉടൻ കേസ് രജിസ്റ്റർ ചെയ്യും. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരേയും പ്രതി ചേർത്തേക്കും. ഇവരെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്കും സംഘം വൈകാതെ കടക്കും. ശബരിമലയിൽനിന്ന് കടത്തിയ സ്വർണത്തിൽനിന്ന് 474 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ഈ സ്വർണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും.
ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഏതെല്ലാം ഉദ്യോഗസ്ഥരാണ് പോറ്റിക്ക് സഹായം ചെയ്തു കൊടുത്തത് എന്നതാണ് അന്വേഷിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. സ്മാർട്ട് ക്രിയേഷൻ്റെ അറിവോടെയാണ് സ്വർണം ഉരുക്കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിലും വിശദമായ അന്വേഷണം ഉണ്ടാകും. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. എഡിജിപി എച്ച്. വെങ്കിടേഷിൻ്റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരൻ്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തുന്നത്.
അതേസമയം, ശബരിമല സ്ട്രോങ് റൂം പരിശോധനയ്ക്കായി ജസ്റ്റിസ് കെ.ടി ശങ്കരൻ ഇന്ന് സന്നിധാനത്തെത്തും. സ്വർണക്കൊള്ളയിൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്ട്രോങ് റൂം പരിശോധന. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വത്തുവകകളുടെ കണക്കുകൾ പരിശോധിക്കും. ദേവസ്വം മഹസറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന. സന്നിധാനത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂമും പരിശോധിക്കും.
Adjust Story Font
16

