കോട്ടയത്ത് ജയിച്ചവരിൽ കൂടുതലും ക്രിസ്ത്യാനികൾ, അത് വർഗീയതയാണോ?: അബിൻ വർക്കി
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ വിജയിച്ചത് സിപിഎമ്മാണല്ലോ, അവിടെ ജയിച്ചവരുടെ ലിസ്‌റ്റെടുക്കൂ, അത് വർഗീയത കാരണമാണോയെന്നും അബിൻ വർക്കി ചോദിച്ചു.

- Published:
20 Jan 2026 6:52 PM IST

കൊച്ചി: കോട്ടയത്ത് ജയിച്ചവരിൽ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളാണെന്നും അത് വർഗീയതയാണോയെന്നും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ആലപ്പുഴയിൽ ജയിച്ചവരിൽ ഭൂരിഭാഗവും മറ്റു പല ആളുകളാവും, അത് വർഗീയതയാണോയെന്നും അബിൻ വർക്കി ചോദിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലാണ് അബിൻ വർക്കിയുടെ പ്രതികരണം.
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ വിജയിച്ചത് സിപിഎമ്മാണല്ലോ, അവിടെ ജയിച്ചവരുടെ ലിസ്‌റ്റെടുക്കൂ, അത് വർഗീയത കാരണമാണോയെന്നും അബിൻ വർക്കി ചോദിച്ചു. ഇതുപോലെ നിരുത്തരവാദപരമായി സംസാരിക്കുന്ന സജി ചെറിയാനൊക്കെ സത്യത്തിൽ എന്തിനാണ് ശ്രമിക്കുന്നത്? ഇയാൾക്കൊക്കെ ചിലപ്പോൾ ഒരു പ്രാവശ്യമൊക്കെ ജനപ്രതിനിധിയാകാമായിരിക്കും. നാല് വോട്ട് കിട്ടുമായിരിക്കും. പക്ഷേ ഈ നാടിന്റെ സാമൂഹിക ഘടനയെ തകർത്താൽ ഈ നാട് തകരില്ലേ...?- അബിൻ വർക്കി ചോദിച്ചു.
സത്യത്തിൽ ഇത്തരം പ്രസ്താവനകളാണ് എ.കെ ബാലൻ പറഞ്ഞ സംഭവങ്ങളിലേക്ക് പോകുന്നത്. സജി ചെറിയാന്റെ പ്രസ്താവനയെ സിപിഎം തള്ളിപ്പറഞ്ഞോ? വിശദീകരണം ചോദിച്ചോ...? അപ്പോൾ ഇത് സിപിഎം കരുതിക്കൂട്ടി ചെയ്യുന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഈ നാടിനെ എങ്ങനെയും വർഗീയമായി വേർതിരിക്കുകയാണ് ലക്ഷ്യം. ഭൂരിപക്ഷ പ്രീണനം നടത്തി ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നു. ആർഎസ്എസിനേക്കാൾ വലിയ രീതിയിൽ വർഗീയത പറയുന്നു. അങ്ങനെയൊരു വർഗീയക്കോമര പ്രസ്ഥാനമായി സിപിഎം മാറി. പിണറായി വിജനാണ് അതിന് കുടപിടിച്ചു കൊടുക്കുന്നത്. പിണറായി വിജയൻ പറയാതെ എ.കെ ബാലനും സജി ചെറിയാനും ഇതൊക്കെ പറയുമോയെന്നും അബിൻ വർക്കി.
പിണറായി പറയാതെ എം.വി ഗോവിന്ദൻ തള്ളിപ്പറയാതിരിക്കുമോ? അതായത് പിണറായി വിജയന്റെ ഗൂഢ ഉദ്ദേശ്യമാണെന്നും അദ്ദേഹം സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആർഎസ്എസിന് മുന്നിൽ കേരളത്തെ അടിയറവ് വയ്ക്കുകയാണെന്നും അബിൻ വർക്കി ആരോപിച്ചു. അതിന്റെ ഭാഗമാണ് സജി ചെറിയാനെ പോലുള്ളവരെക്കൊണ്ട് വർഗീയത പറയിക്കുന്നതെന്നും ഒരു കാരണവശാലും കേരളത്തെ വെട്ടിമുറിക്കാനോ വർഗീയമായി വേർതിരിക്കാനോ സമ്മതിക്കില്ലെന്നും അബിൻ വർക്കി വിശദമാക്കി. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
Adjust Story Font
16
