'നിലാവ് ഉദിക്കുന്നുണ്ട്, ഭാവികേരളം കെ.സിക്ക് ഒപ്പം'; പോസ്റ്റുമായി പിഡിപി നേതാവ്
ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഇന്ന് നടന്ന ഹൈക്കമാന്‍ഡ് ചര്‍ച്ചയിലും തീരുമാനമായില്ല

- Published:
9 May 2026 10:14 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം മുറുകവേ കെ.സി വേണുഗോപാലിന് പിന്തുണയുമായി പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്. 'നിലാവ് ഉദിക്കുന്നുണ്ട്. നിഴല്‍ മാറി പ്രഭയിലേക്ക്.... കാത്തിരിക്കുന്നു' എന്ന കുറിപ്പോടെ കെ.സി വേണുഗോപാലിന്റെ ചിത്രം റജീബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'ഭാവി കേരളം, കെസിക്കൊപ്പം, അയാള്‍ വരുന്നു' എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.
അതേസമയം, ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഇന്ന് നടന്ന ഹൈക്കമാന്‍ഡ് ചര്‍ച്ചയിലും തീരുമാനമായില്ല. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്. തീരുമാനം ഉടനെയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി അറിയിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ദീപ ദാസ്മുന്‍ഷി, കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ്മാക്കന്‍ എന്നിവരും രമേശ് ചെന്നിത്തല കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മൂന്നു പേരുമായും നേതാക്കള്‍ വെവ്വേറെ ചര്‍ച്ച നടത്തി.
തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരാരും നിരത്തിലിറങ്ങരുതെന്ന് മൂന്ന് നേതാക്കളും ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് നിരത്തിലിറങ്ങരുതെന്നും സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായ രീതിയില്‍ ബോര്‍ഡുകള്‍ വെക്കരുതെന്നും നേതാക്കളെ ഇഷ്ടപ്പെടുന്നത് നല്ലതാണ്, മറ്റുള്ളവരെ മോശമാക്കരുതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും എല്ലാ പ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Adjust Story Font
16
