Quantcast

പേരാമ്പ്രയിലെ യുവതിയുടെ കൊലപാതകം: കൊണ്ടോട്ടി സ്വദേശി അറസ്റ്റിൽ

മുജീബ് നിരവധി കേസുകളിൽ പ്രതി

MediaOne Logo

Web Desk

  • Updated:

    2024-03-17 05:52:45.0

Published:

17 March 2024 4:12 AM GMT

Mujeeb, a native of Malappuram Kondotty, arrested for the murder of a woman in Perambra.
X

കോഴിക്കോട്: പേരാമ്പ്രയിലെ യുവതിയുടെ കൊലപാതകത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് അറസ്റ്റിൽ. പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതിനെ തുടർന്ന് നിരവധി കേസുകളിൽ പ്രതിയായ മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. ബലാത്സംഗമടക്കം 50ലേറെ കേസുകൾ പ്രതിയാണ് മുജീബെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഇയാളുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കൃത്യം നടത്താനെത്തിയതെന്നാണ് വിവരം. ബൈക്കിൽ ലിഫ്റ്റ് നൽകിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവതിയെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. പ്രതിയുടെ ബൈക്ക് മലപ്പുറം വാഴക്കാട് നിന്ന് പൊലീസ് കണ്ടെത്തി. പ്രതിയെ ഉടൻ തെളിവെടുപ്പിന് കൊണ്ടുവരും. അനുവിന്റെ സ്വർണം കണ്ടെടുക്കാനും പൊലീസ് ശ്രമിക്കുകയാണ്. പ്രതിയുടെ തിരിച്ചറിയൽ പരേഡും പൊലീസ് നടത്തും.

അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രയുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.



TAGS :

Next Story