കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്
ഇന്ന് ഉച്ചയോടെ താമരശ്ശേരി കോടതിക്ക് മുന്നിലാണ് സംഭവം

- Updated:
2026-04-11 10:32:23.0

താമരശ്ശേരി: കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുന്നിൽ ഏറ്റുമുട്ടിയത്.
മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിൻ (20) നെ കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതൽ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി.
എന്നാൽ നിക്കാഹ് നടത്തി തരാമെന്നും ഇപ്പോൾ തങ്ങൾക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ കാമുകനായ ഷാമിൽ തടയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ റോഡിൽ കൂട്ടത്തല്ലായി. സംഘർഷത്തിനിടെ കാമുകന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ തങ്ങളുടെ കാറിൽ കയറ്റി സ്ഥലംവിട്ടു.
Adjust Story Font
16
