തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചു; ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരില്ല
റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്

ഇടുക്കി: തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചതോടെ ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് സൂചന. ജലക്ഷാമം മൂലം പരമാവധി വെള്ളം കൊണ്ടുപോകുവാനാണ് തമിഴ്നാടിന്റെ നീക്കം. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്.
തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട കൃഷിക്കായാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക് വെള്ളമെടുക്കും. ഇതോടൊപ്പം, മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും തുറന്നുവിടും. പരമാവധി ജലം അണക്കെട്ടിൽ നിന്ന് കൊണ്ടുപോകാനാണ് തമിഴ്നാടിന്റെ പദ്ധതി.
121.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 118 അടി ആകുന്നതുവരെ തമിഴ്നാട് വെള്ളം കൊണ്ടു പോകാം. 136 അടി എത്തിയാൽ മാത്രമേ ആഗസ്റ്റ് മാസത്തിൽ പെരിയാറിലേക്ക് അണക്കെട്ട് തുറന്നുവിടേണ്ടി വരുകയുള്ളൂ. തമിഴ്നാട്ടിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലേക്ക് തുറന്നു വരേണ്ടി വരില്ല.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്ത അതിശക്തമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. തേനി ജില്ലാ കലക്ടറുടെയും തേനി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി ഷട്ടറുകൾ തുറന്നത്.
Adjust Story Font
16

