Quantcast

വിറങ്ങലിച്ച് വയനാട്; മരണം 264, ബെയ്‌ലി പാലം ഇന്ന് സജ്ജമാവും

പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേ​ഗം കൂടും

MediaOne Logo

Web Desk

  • Updated:

    2024-07-31 19:25:51.0

Published:

1 Aug 2024 12:36 AM IST

വിറങ്ങലിച്ച് വയനാട്; മരണം 264, ബെയ്‌ലി പാലം  ഇന്ന് സജ്ജമാവും
X

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 264 ആയി. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്.

രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബെയ്‌ലി പാലം ഇന്ന് സജ്ജമാവുമെന്നാണ് പ്രതീക്ഷ. രാത്രിയിലും തുടരുന്ന നിര്‍മാണ പ്രവര്‍ത്തനം മന്ത്രിമാര്‍ വിലയിരുത്തി. പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേ​ഗം കൂടും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്കാണ് പാലം നിർമിക്കുന്നത്. അതിവേഗത്തിലാണ് പാലത്തിന്റെ നിർമാണം നടക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോ​ഗം ചേരും. തുടർ നടപടികൾ യോ​ഗത്തിൽ ചർച്ചചെയ്യും.

ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാണ്. 200 ലധികം ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തിയിരുന്നത്. തിരച്ചില്‍ തുടരും.

TAGS :

Next Story