കളമശ്ശേരി, ഗുരുവായൂര്‍, തിരുവമ്പാടി: മുസ്‌ലിം ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ചുമാറില്ല; പിന്മാറ്റം പ്രാദേശിക എതിര്‍പ്പുകള്‍ പരിഗണിച്ച്
സീറ്റ് മാറുന്നതിലുള്ള പ്രാദേശിക എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ടായി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസുമായി വെച്ചുമാറില്ല. കളമശ്ശേരി, ഗുരുവായൂര്‍, തിരുവമ്പാടി സീറ്റുകള്‍ വെച്ചുമാറാനായിരുന്നു നീക്കം. എന്നാല്‍, പ്രാദേശിക എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇതില്‍ നിന്നുള്ള പിന്മാറ്റം.
ലീഗും കോണ്‍ഗ്രസും സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകള്‍ ഘടകക്ഷികളുമായി വെച്ചുമാറിയാല്‍ വിജയസാധ്യതയുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്ന് ഇരുപാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും സീറ്റുകള്‍ വെച്ചുമാറാനുള്ള ചര്‍ച്ചകള്‍ നടന്നത്. തിരുവമ്പാടി, ഗുരുവായൂര്‍, കളമശ്ശേരി സീറ്റുകളായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. കളമശ്ശേരിക്ക് പകരം കൊച്ചി സീറ്റ്, ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ്, തിരുവമ്പാടിക്ക് പകരം തവനൂര്‍ സീറ്റ് എന്നിങ്ങനെ വെച്ചുമാറാനാകുമോയെന്ന ചര്‍ച്ചയാണ് നടന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം.
ഈ മണ്ഡലങ്ങളിലെ പ്രാദേശിക നേതൃത്വങ്ങള്‍ സീറ്റ് വെച്ചുമാറുന്നതിനെ ശക്തമായി എതിര്‍ത്തു. സീറ്റ് മാറുന്നതിലുള്ള പ്രാദേശിക എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന കോങ്ങാട് സീറ്റില്‍ മാത്രമാണ് അത്തരമൊരു സാധ്യത നിലനില്‍ക്കുന്നത്. മാത്രവുമല്ല, കളമശേരി, ഗുരുവായൂര്‍, തിരുവമ്പാടി സീറ്റുകളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തന്നെ പരിഗണിക്കണമെന്നുള്ള തീരുമാനവും ലീഗിനകത്ത് ഉണ്ടായിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ക്ക് ജയസാധ്യത കുറവാണെങ്കില്‍ പുറത്ത് നിന്ന് മികച്ച സ്ഥാനാര്‍ഥികളെ കൊണ്ടുവരണമെന്ന ധാരണയും ലീഗിനകത്ത് ഉണ്ടായിട്ടുണ്ട്.
Adjust Story Font
16

