പോറ്റിയെ കേറ്റിയത് കോൺഗ്രസ്, സോണിയയെ കാണാൻ അടൂർ പ്രകാശും ആന്റോ ആന്റണിയും പോയി; കോൺഗ്രസിനെതിരെ എം.വി ഗോവിന്ദൻ
'ഉടനെ കുറ്റപത്രം സമർപ്പിക്കണം എന്ന വാദം ഉയർത്തുന്നത് അന്വേഷണം ഇവരിലേക്കൊന്നും എത്താതിരിക്കാൻ വേണ്ടിയാണ്'

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് നേതാക്കൾ പങ്കുകാരാണെന്ന് വ്യക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഉടനെ കുറ്റപത്രം സമർപ്പിക്കണം എന്ന വാദം ഉയർത്തുന്നത് അന്വേഷണം ഇവരിലേക്കൊന്നും എത്താതിരിക്കാൻ വേണ്ടിയാണ്. പോറ്റിയെ കേറ്റിയത് കോൺഗ്രസ് ആണെന്ന് വ്യക്തമായെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് നേതാക്കളായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതെന്തിനാണെന്ന് എല്ലാവർക്കും ധാരണയുള്ളതാണ്. ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു എന്നും ഗോവിന്ദൻ പ്രതികരിച്ചു.
കൂടാതെ, നെടുമ്പറമ്പിൽ ഫിനാൻസ് ഉടമയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ ആന്റോ ആന്റണിക്കെതിരെയും സിപിഎം. പണം എങ്ങനെയാണ് സ്വീകരിച്ചെന്നതിലും, മടക്കി കൊടുത്തതിലും ആന്റോ ആന്റണി വ്യക്തത വരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ട് വഴിയല്ലെങ്കിൽ അത് കള്ളപ്പണമാണ്. പണം തിരിച്ചു കൊടുത്തു എന്നതിനേക്കാളും എങ്ങനെ വാങ്ങി, എന്തിനു വാങ്ങി എന്നതാണ് പ്രധാനമെന്നും ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16

