തുളസിക്കതിർ ആയി ജനിക്കാനായിരുന്നു ആദ്യം ആഗ്രഹം; ഇനി ശ്രീപത്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാൽ മതി-അശ്വതി തിരുനാൾ
''കൊട്ടാരത്തിൽനിന്നു പഠിക്കുന്ന പെൺകുട്ടികൾ ജോലിക്കു പോകണമെന്ന ചിന്ത അന്നും ഇന്നും ഇല്ല. ഒരാളുടെ കീഴിൽ പോയി നമ്മളെന്തിനാണ് ജോലി ചെയ്യുന്നത്.''

അശ്വതി തിരുനാള്‍
തിരുവനന്തപുരം: ഇനിയൊരു ജന്മമുണ്ടെങ്കിൽ തുളസിക്കതിരായി ജനിക്കാനായിരുന്നു ഭഗവാനോട് അപേക്ഷിച്ചിരുന്നതെന്ന് പത്മശ്രീ ജേതാവ് അശ്വതി തിരുനാൾ. അക്കാര്യം ആവശ്യപ്പെട്ട് ഭഗവാന് ആപ്ലിക്കേഷൻ അയച്ചിരുന്നു. ഇപ്പോൾ തീരുമാനം മാറിയെന്നും ഇനിയൊരു ജന്മമുണ്ടെങ്കിൽ ശ്രീപത്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാൽ മതിയെന്നും അവർ പറഞ്ഞു.
'കൗമുദി ടി.വി'ക്കു നൽകിയ അഭിമുഖത്തിലാണ് അശ്വതി തിരുനാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ''ആദ്യം ഒരു ആപ്ലിക്കേഷൻ ഭഗവാന് അയച്ചു. ഒരു തുളസിക്കതിർ ആയി ജനിക്കണേ ഭഗവാനേയെന്ന്. പത്മനാഭസ്വാമിയുടെ തൃപ്പാദമല്ല, തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭസ്വാമിയുടെ തൃപ്പാദത്തിലുള്ള തുളസിയായി തന്നെ ജനിക്കണേയെന്നായിരുന്നു അപേക്ഷ.''-അവർ പറഞ്ഞു.
''പെട്ടെന്നൊരു ദിവസം വിചാരിച്ചു, നിർമാല്യമൊക്കെ മാറ്റിപ്പോയാൽ തുളസി പോകുമല്ലോ എന്ന്. അവിടെ കടുശർക്കര വിഗ്രഹമാണ്. അപ്പോൾ അഭിഷേകമില്ല. മൂലവിഗ്രഹത്തിന് അഭിഷേകമില്ല. മയിൽപ്പീലി കൊണ്ട് പതുക്കെ തൂത്താണ് നിർമാല്യം മാറ്റുന്നത്. അപ്പോൾ ഇതുപോകുമല്ലോ. അതോടെ മനസ് മാറ്റി. റീഡ്രാഫ്റ്റ് ചെയ്ത അടുത്ത ആപ്ലിക്കേഷൻ അയച്ചു. എനിക്ക് തുളസി വേണ്ട, അവിടത്തെ പ്രദക്ഷിണംവച്ചൊരു മന്ദമാരുതനാക്കണേയെന്നായിരുന്നു പുതിയ അപേക്ഷ. ചുറ്റിച്ചുറ്റി ഇങ്ങനെ എപ്പോഴും കറങ്ങിനടക്കാമല്ലോ. ഒരു മന്ദമാരുതനായി ജനിപ്പിക്കണേയെന്ന്.''
കൊട്ടാരത്തിൽനിന്നു പഠിക്കുന്ന പെൺകുട്ടികൾ ജോലിക്കു പോകണമെന്ന ചിന്ത അന്നും ഇന്നും ഇല്ല. ഒരാളുടെ കീഴിൽ പോയി നമ്മളെന്തിനാണ് ജോലി ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. അതു മോശമാണെന്നല്ല പറയുന്നതെന്നും അശ്വതി പറഞ്ഞു.
ക്ഷത്രിയ സമുദായത്തിലെ ഒരു അംഗമാണ് ഞാനെന്നതു സന്തോഷത്തോടു കൂടെ തന്നെ പറയുന്നു. ഞങ്ങളുടെ സമുദായത്തിൽ എല്ലാവരുടെയും വിളിപ്പേര് തമ്പുരാട്ടി എന്നാണ്; തമ്പുരാന്റെയും തമ്പുരാട്ടിയുടെയുമെല്ലാം പൊതുവായുള്ള വിളിപ്പേര് അതാണ്. വിവാദമുണ്ടാക്കുന്നവർ ജാതിപ്പേരുകൾ മറന്നുപോകുകയാണ്. നായർ, പിള്ള, അയ്യർ, മേനോൻ, വല്യത്താൻ, ഉണ്ണിത്താൻ എന്നിങ്ങനെയുള്ള ജാതിപ്പേരിനോടൊന്നും അവർക്കു പ്രശ്‌നമില്ല. ടി.വി ചാനലുകൾ പറഞ്ഞതിൽനിന്ന് അടർത്തിയെടുത്ത് വെട്ടിമുറിച്ചിട്ടതാണു വിവാദമായതെന്നും അവർ പറഞ്ഞു.
ആർത്തവവിവാദവും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണ്. ശബരിമല വിഷയത്തിൽ എന്റെ അഭിപ്രായം തേടിയപ്പോൾ ഞാനതു പറഞ്ഞതാണ്. ആർത്തവം സ്‌പെസിഫിക് കാരണമായി അതിൽ വരുന്നുണ്ടല്ലോ. ആർത്തവത്തിന്റെ അശുദ്ധിയും കെമിക്കൽ റിയാക്ഷനെക്കുറിച്ചുമെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ കേട്ടുവളർന്നതാണത്. ഹിന്ദു സമുദായത്തിനു തുളസി വിശുദ്ധവും പരിപാവനവുമാണ്. ആർത്തവസമയത്ത് ആരും അതിനു വെള്ളം ഒഴിക്കാറില്ല. തുളസിക്കെന്നല്ല, ഒരു ചെടിക്കും വെള്ളം ഒഴിക്കാറില്ല. അതൊരു ആചാരവും പൊതുവായ കാര്യവുമാണ്. തന്റെ അഭിപ്രായമല്ലെന്നും അശ്വതി തിരുനാൾ കൂട്ടിച്ചേർത്തു.
Summary: ''My first wish was to reborn as a Tulsi; now changed to become a breeze who goes around Sri Padmanabhaswamy: Says Aswathi Thirunal
Adjust Story Font
16

