Quantcast

മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളാക്കേണ്ട, കമ്മ്യൂണിസ്റ്റാക്കിയാൽ മതി: നജീബ് കാന്തപുരം

വാഴ്ത്തുപാട്ടൊക്കെ നിർത്തി എൽ.ഡി.എഫിന്റെ 99 അംഗങ്ങളും ചേർന്ന് തിരുവാതിര കളിക്കുന്നതായിരിക്കും നല്ലതെന്നും നജീബ് കാന്തപുരം

MediaOne Logo

Web Desk

  • Updated:

    2022-06-30 15:06:07.0

Published:

30 Jun 2022 1:23 PM GMT

മുഖ്യമന്ത്രിയെ പാണക്കാട് തങ്ങളാക്കേണ്ട, കമ്മ്യൂണിസ്റ്റാക്കിയാൽ മതി: നജീബ് കാന്തപുരം
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ പുകഴ്ത്തിയ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിനെതിരെ മുസ്‌ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം. മുഖ്യമന്ത്രിയെ വർണ്ണിച്ച് പാണക്കാട് തങ്ങളാക്കേണ്ടതില്ലെന്നും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റാക്കായാൽ മതിയെന്നും നജീബ് കാന്തപുരം പറഞ്ഞു. നേരും നെറിയുമുള്ള കമ്മ്യൂണിസ്റ്റുകാരനായി മുഖ്യമന്ത്രി മാറിയാൽ തങ്ങൾക്ക് അത് അഭിമാനമാണെന്നും നജീബ് കാന്തപുരം വ്യക്തമാക്കി.

''മതതീവ്രവാദികളെ പാലൂട്ടി വളർത്താത്ത നല്ല കമ്മ്യൂണിസ്റ്റായി മുഖ്യമന്ത്രി മാറിയാൽ മതി. സഭയിൽ ആകെ മൊത്തം വാഴ്ത്തുപാട്ടാണ്, ബഹുമാന്യരായ മറ്റു അംഗങ്ങളോടും മന്ത്രിമാരോടും പറായാനുള്ളത്, നിങ്ങൾ ഈ വാഴ്ത്തുപാട്ട് പാടുന്നത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനാണെങ്കിൽ ദയവ് ചെയ്ത് സഭയുടെ സമയം കളയരുത്, അതൊക്കെ അദ്ദേഹത്തിന് വാട്‌സ് ആപ്പിൽ അയച്ചുകൊടുത്താൽ മതി''- നജീബ് കാന്തപുരം പറഞ്ഞു.

തങ്ങളൊക്കെ ഈ നിയമസഭയിൽ ആദ്യമായി എത്തുന്നവരാണ്, നിയമസഭയിൽനിന്നും പ്രതീക്ഷിക്കുന്ന ഗൗരവമേറിയ ചർച്ചകളുണ്ടെന്നും ആ ചർച്ചകൾക്ക് പകരം മുഖ്യമന്ത്രിയെ സുഖിപ്പിക്കാനുള്ള വാഴ്ത്തുപ്പാട്ടാണ് ഇപ്പോൾ എൽ.ഡി.എഫ് അംഗങ്ങൾ നടത്തുന്നതെന്നും നജീബ് കാന്തപുരം നിയമസഭയിൽ തുറന്നടിച്ചു. ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എൽ.ഡി.എഫ് അംഗങ്ങൾ തയ്യാറാവുന്നുണ്ടോയെന്നും തൃക്കാക്കരയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും എൽ.ഡി.എഫിന്റെ അഹങ്കാരത്തിന് കുറവുണ്ടോയെന്നും നജീബ് കാന്തപുരം ചോദിച്ചു.

തൃക്കാക്കരയിൽ സിപിഎം എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹം ചോദിച്ചു. വാഴ്ത്തുപാട്ടൊക്കെ നിർത്തി എൽ.ഡി.എഫിന്റെ 99 അംഗങ്ങളും ചേർന്ന് തിരുവാതിര കളിക്കുന്നതായിരിക്കും നല്ലതെന്നും നജീബ് കാന്തപുരം പരിഹസിച്ചു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനെ തലയിലേറ്റി നടക്കുന്നവരല്ല തങ്ങളെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച നജീബ് കാന്തപുരം എ.എൻ ഷംസീറിനെതിരെ വീണ്ടും തിരിഞ്ഞു. ബിരിയാണിയും ഈന്തപ്പഴവും ഇസ്ലാമോഫോബിയയുണ്ടാക്കുന്നുവെന്ന ഷംസീറിന്റെ പരാമർശത്തിനെതിരെയായിരുന്നു എം.എൽ.എയുടെ പ്രതികരണം. അതൊരു വല്ലാത്ത കണ്ടുപിടിത്തമായെന്നും നജീബ് കാന്തപുരം പരിഹസിച്ചു. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ബിജെപിയെക്കാൾ വൃത്തികെട്ട ശ്രമം നടത്തുകയാണ് സിപിഎമ്മെന്ന് അദ്ദേഹം ആരോപിച്ചു. ''നിങ്ങൾ കോൺഗ്രസ്സാവേണ്ട, ലീഗാവേണ്ട, അഭിമാനമുള്ള കമ്മ്യൂണിസ്റ്റായാൽ മതി''- നജീബ് കാന്തപുരം പറഞ്ഞു.

TAGS :

Next Story