Quantcast

സി.പി.എമ്മിന്റെ സ്ത്രീസൗഹൃദ നിലപാട് കാപട്യമെന്ന് നജീബ് കാന്തപുരം

MediaOne Logo

Web Desk

  • Published:

    22 Oct 2021 12:24 PM GMT

സി.പി.എമ്മിന്റെ സ്ത്രീസൗഹൃദ നിലപാട് കാപട്യമെന്ന്  നജീബ് കാന്തപുരം
X

എം.ജി സർവകലാശാലയിലെ സംഘർഷത്തിൽ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും ഇടത് സഹയാത്രികരും നിശബ്ദത പാലിക്കുന്നുവെന്ന് നജീബ് കാന്തപുരം എം.എൽ.എ. മറ്റുള്ളവരുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന ഇവർ ഈ വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. സിപിഎമ്മിന്റെ ഒട്ടേറെ കപട നിലപാടുകളിൽ പ്രധാനപ്പെട്ടതാണ് സ്ത്രീ സൗഹൃദ പാർട്ടിയെന്ന് അവർതന്നെ അവർക്കു നൽകിയ അനർഹമായ ലേബലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

" ഈ സർക്കാരിനെ വിശ്വസിച്ച് എങ്ങിനെയാണ് ഈ നാട്ടിലെ സ്ത്രീകളും കുട്ടികളും ജീവിക്കുക.? AISF വനിതാ നേതാവുൾപ്പെടെയുള്ളവരെ ജാതീയമായി അധിക്ഷേപിച്ചാക്രമിച്ച എസ്എഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം. അനുപമക്ക് അവരുടെ കുഞ്ഞിനെ തിരികെ ലഭിക്കാനും കുറ്റക്കാർക്ക് ശിക്ഷ ലഭിക്കാനും വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണം." - അദ്ദേഹം പറഞ്ഞു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:

കല്യാണവീട്ടിലെ ഊട്ടുപുരകൾക്ക് മുകളിൽ കാക്കകൾ വട്ടമിട്ടു പറക്കുന്ന പോലെ മറ്റുള്ളവരുടെ ആഭ്യന്തര വിഷയങ്ങൾ കേൾക്കുമ്പോഴേക്കും വൈകാരികമായി പ്രതികരിക്കാനും അവർക്ക് മാന്യതയുടെ ക്ലാസെടുക്കാനും ചൂരൽവടിയുമായി വരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമോ അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളോ ഈ കണ്ട മനുഷ്യത്വ വിരുദ്ധത മുഴുവൻ അരങ്ങേറിയ കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ വന്നുനിന്നു സ്ത്രീസൗഹൃദ സംസാരങ്ങൾ നടത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാണില്ല. കാരണം, സിപിഎമ്മിന്റെ ഒട്ടേറെ കപട നിലപാടുകളിൽ പ്രധാനപ്പെട്ടതാണ് സ്ത്രീ സൗഹൃദ പാർട്ടിയെന്ന് അവർതന്നെ അവർക്കു നൽകിയ അനർഹമായ ലേബൽ.

ജനാധിപത്യത്തിന്റെ സകല മഹിമയും കളഞ്ഞുകുളിച്ച്‌ എം.ജി യൂണിവേഴ്സിറ്റിയിൽ ഇന്നലെ എസ്.എഫ്.ഐ നടത്തിയ അതിക്രമങ്ങൾ എല്ലാവരും കണ്ടതാണ്. AISF വനിതാ നേതാവുൾപ്പെടെയുള്ളവരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചും ആക്രമിച്ചും എസ്എഫ്ഐ അവരുടെ തനത് സ്വഭാവം കാണിച്ചു. തന്തയില്ലാത്ത കുഞ്ഞിനെ ജനിപ്പിക്കുമെന്നൊക്കെ പറഞ്ഞുകളഞ്ഞ എസ്എഫ്ഐ നേതാവിന്റെ വാക്കുകൾ അവിചാരിതമല്ല. കാലങ്ങളായി അവർ പരിചയിച്ചുപോന്ന സംസ്കാരത്തിന്റെ പ്രതിഫലനം മാത്രമാണത്. ഇവരൊക്കെയാണ് നാളെ മാതൃസംഘടനയായ സിപിഎമ്മിനെ നയിക്കേണ്ടവർ.

മറ്റൊന്ന്, അനുപമ എന്ന സഹോദരി തന്റെ കുഞ്ഞിനെ വിട്ടുകിട്ടാൻ ഇനി മുട്ടാത്ത അധികാര കേന്ദ്രങ്ങളില്ല. ഡിജിപി തൊട്ട് പാർട്ടി കേന്ദ്ര നേതാക്കൾ വരെയുള്ളവരോടവർ അപേക്ഷിച്ചു. പക്ഷേ, ഏരിയ കമ്മിറ്റി അംഗമായ അവരുടെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനങ്ങൾക്ക് മുന്നിൽ ശ്രമങ്ങൾ വിഫലമായി. എല്ലാവരും കയ്യൊഴിഞ്ഞു. മാതാപിതാക്കളെ കബളിപ്പിച്ച് കുഞ്ഞിനെ കേരളത്തിന് പുറത്തേക്ക് ദത്തുനൽകി.

ആരാന്റെ കാര്യത്തിൽ അമിതാവേശം കാണിക്കാറുള്ള ശ്രീമതി ടീച്ചറും ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനുമൊക്കെ നിശബ്ദരാണ്. കെ.കെ ശൈലജ ടീച്ചറും തരാതരം സിപിഎമ്മിനെ വെള്ളപൂശാറുള്ള സോ-കോൾഡ് നിഷ്പക്ഷരൊക്കെ തങ്ങളുടെ മൊബൈലിന് റേഞ്ചില്ലാത്ത ഹിമാലയത്തിലേക്ക് തീർഥയാത്ര പോയതാണെന്ന് തോന്നുന്നു.

ഈ സർക്കാരിനെ വിശ്വസിച്ച് എങ്ങിനെയാണ് ഈ നാട്ടിലെ സ്ത്രീകളും കുട്ടികളും ജീവിക്കുക.?! AISF വനിതാ നേതാവുൾപ്പെടെയുള്ളവരെ ജാതീയമായി അധിക്ഷേപിച്ചാക്രമിച്ച എസ്എഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം. അനുപമക്ക് അവരുടെ കുഞ്ഞിനെ തിരികെ ലഭിക്കാനും കുറ്റക്കാർക്ക് ശിക്ഷ ലഭിക്കാനും വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണം.!

TAGS :

Next Story