ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാകുന്നത് രാഷ്ട്രീയ തിമിരം: ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി
ധാർമിക വിഷയങ്ങളിൽ ബന്ധപ്പെട്ടവർ ലീഗിനെ വിമർശിക്കുന്നത് ലീഗിനോട് ചേർന്നുകൊണ്ടാകണമെന്ന് നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ

കോഴിക്കോട്: ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാകുന്നത് രാഷ്ട്രീയ തിമിരമെന്ന് നാസർ ഫൈസി കൂടത്തായി. ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെ വേണം. എല്ലാ പാർട്ടിയോടും സമീപനം ഒരുപോലെയാണെങ്കിൽ ഉപദേശവും ശാസനയും അത് പോലെ മതിയാകുമെന്നും ധാർമിക വിഷയങ്ങളിൽ ബന്ധപ്പെട്ടവർ ലീഗിനെ വിമർശിക്കുന്നത് ലീഗിനോട് ചേർന്നുകൊണ്ടാകണമെന്നുമാണ് നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉമർ ഫൈസിക്കെതിരെയാണ് നാസർ ഫൈസിയുടെ പോസ്റ്റ്.
സ്ത്രീ സംവരണ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണെന്ന് നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുസ്‌ലിം ലീഗ് ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഉമർ ഫൈസിയുടെ പ്രതികരണം. മത്സരിക്കാൻ യോഗ്യരായ പുരുഷൻമാരുള്ളപ്പോൾ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല. സംവരണ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കാനാണ് സമസ്ത അനുമതി നൽകിയിരുന്നത്. ജനറൽ സീറ്റിൽ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം;
ജനറൽ സീറ്റും സ്ത്രീ സ്ഥാനാർത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്.
ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്.
മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തിൽ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാൽ സ്ത്രീകൾക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം .... തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്.
പിന്നെ രാഷ്ട്രീയ സമീപനത്തിൽ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേർന്ന് നിൽക്കുമ്പോൾ !
അല്ലെങ്കിൽ ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെ വേണം. എല്ലാ പാർട്ടിയോടും സമീപനം ഒരുപോലെയാണെങ്കിൽ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാർമ്മിക വിഷയങ്ങളിൽ ബന്ധപ്പെട്ടവർക്ക് ലീഗിനെ ഉപദേശിക്കാം,
അത് ലീഗിനോട് ചേർന്നു കൊണ്ടാവണം.
നാസർ ഫൈസി കൂടത്തായി
Adjust Story Font
16

