Quantcast

ഒരു ‌മുസ്‌ലിം സ്ഥാനാർഥി പോലുമില്ലാതെ എന്‍ഡിഎ പട്ടിക; മലപ്പുറത്തെ പതിവും ഇത്തവണ ലംഘിച്ചു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‍ലിംകളെ സ്ഥാനാർഥി പട്ടികയുടെ പുറത്തു നിർത്തുന്ന രീതി കേരളത്തിലും ബിജെപി പിന്തുടർന്നുവെന്ന് വിമര്‍ശനം

MediaOne Logo

Web Desk

  • Published:

    23 March 2026 7:44 AM IST

ഒരു ‌മുസ്‌ലിം സ്ഥാനാർഥി പോലുമില്ലാതെ എന്‍ഡിഎ പട്ടിക; മലപ്പുറത്തെ പതിവും ഇത്തവണ ലംഘിച്ചു
X

മലപ്പുറം: ഒരു മുസ്‍ലിം സ്ഥാനാർഥിക്ക് പോലും സീറ്റ് നല്‍കാതെ ബിജെപി മുന്നണി എന്‍ഡിഎ. ബിജെപിയുടെയോ മറ്റു ഘടകക്ഷികളുടെയോ സ്ഥാനാർഥിപട്ടികയില്‍ ഒരു മുസ്‍ലിം സ്ഥാനാർഥിയും ഉള്‍പ്പെട്ടിട്ടില്ല. മലപ്പുറം ജില്ലയില്‍ മുസ്‍ലിം സ്ഥാനാർഥികള്‍ക്ക് അവസരം നൽകാറുള്ള പതിവും ഇത്തവണ ലംഘിച്ചു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബിജെപിയും ഘടകക്ഷികളും 134 സീറ്റുകളിലേക്കാണ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 98 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ ട്വന്റി ട്വന്റിയും 18 സീറ്റില്‍ ബിഡിജെ എസിന്റെയും സ്ഥാനാർഥികളുടെ ലിസ്റ്റാണ് പുറത്തുവന്നത്. ഒരു മുസ്‍ലിം സ്ഥാനാർഥി പോലും എന്‍ഡിഎഫ് സ്ഥാനാർഥി പട്ടികയില്‍ ഇടംപിടിച്ചില്ല.

മലപ്പുറം ജില്ലയിലാണ് ബിജെപി മുസ്‍ലിം സ്ഥാനാർഥികള്‍ക്ക് അവസരം നല്‍കാറ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ നിന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലർ എം.അബ്ദുസ്സലാമും തിരൂരങ്ങാടിയില്‍ നിന്ന് സത്താർ ഹാജിയും മത്സരിച്ചിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാജ്യത്തെ ഏക മുസ്‍ലിം സ്ഥാനാർഥി മലപ്പുറത്ത് നിന്ന് മത്സരിച്ച എം.അബ്ദുസ്സലാം ആയിരുന്നു. 2016 ലും മലപ്പുറത്ത് മുസ്‍ലിം സ്ഥാനാർഥികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റുമാരായ എ.പി അബ്ദുല്ലക്കുട്ടിയും എം.അബുസ്സലാമുമെല്ലാം സീറ്റ് പ്രതീക്ഷിച്ചിരുന്നതാണ്. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് അദ്നനാന്‍റെ പേര് വേങ്ങരയില്‍ പരിഗണിച്ചിരുന്നതാണ്. പക്ഷേ പട്ടിക പുറത്തുവന്നപ്പോള്‍ ആർക്കും ഇടം കിട്ടിയില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‍ലിംകളെ സ്ഥാനാർഥി പട്ടികയുടെ പുറത്തു നിർത്തുന്ന ബിജെപി ആ രീതി കേരളത്തിലും പിന്തുടർന്നുവെന്നാണ് സ്ഥാനാർഥി പട്ടിക നല്കുന്ന സൂചന. ന്യൂനപക്ഷ മോർച്ച നേതാക്കളടക്കം ബിജെപിയിലെ മുസ്‍ലിം നേതാക്കള്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.


TAGS :

Next Story