ട്വന്റി-20യുടെ എൻഡിഎ പ്രവേശനം ഇഡിയെ പേടിച്ച്?; സാബു ജേക്കബിന് മൂന്നുതവണ നോട്ടീസ് നൽകി
ഫെമ ചട്ടലംഘനത്തിനായിരുന്നു സാബു ജേക്കബിനെതിരെ ഇഡി കേസെടുത്തത്

കൊച്ചി:ട്വന്റി-20യുടെ എൻഡിഎ പ്രവേശനം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിനിടെ.ഫെമ ചട്ടലംഘനത്തിനായിരുന്നു സാബു ജേക്കബിനെതിരെ ഇഡി കേസെടുത്തത്. കോടികള്‍ വിദേശത്ത് നിക്ഷേപിച്ച സാബു ജേക്കബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നുതവണ നോട്ടീസ് നൽകി. എന്നാൽ സാബു നേരിട്ട് ഹാജരാവുകയോ ആവശ്യപ്പെട്ട മുഴുവൻ രേഖകൾ ഹാജരാക്കുകയോ ചെയ്തില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.
ഈ മാസം 22നാണ് ട്വന്റി-ട്വന്റി എൻഡിഎയിൽ ചേർന്നത്.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരാണ് എൻഡിഎയിലേക്ക് സാബുവിനെ സ്വാഗതം ചെയ്തത്. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് ഔദ്യോഗികമായി എൻഡിഎയിലേക്ക് പ്രവേശനം നൽകി.
എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ചിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവരാണ് രാജിവെച്ചത്.
എന്‍ഡിഎ സഖ്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ലെന്നും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുന്‍ നിലപാട്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റെന്ന പോലെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. റോയല്‍റ്റി കാര്‍ഡിന്റെ പേരില്‍ ജാതിയും മതവും ചോദിച്ചായിരുന്നു സര്‍വെ. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ടെന്നും രാജി വെച്ച നേതാക്കള്‍ പറഞ്ഞിരുന്നു.
ജാതിയും മതവും ചോദിച്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടപടിയെടുത്തെന്നും നല്‍കിവന്ന ശമ്പളം അവര്‍ വെട്ടിക്കുറച്ചെന്നും രാജിവെച്ചവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് എന്‍ഡിഎ പ്രവേശനം ഇഡിയെ പേടിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
Adjust Story Font
16

