Quantcast

നീറ്റ് പരീക്ഷാ വിവാദം: കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി; പ്രമേയ നോട്ടീസ് നൽകി എം.പിമാർ

പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-19 04:35:47.0

Published:

19 July 2022 3:36 AM GMT

നീറ്റ് പരീക്ഷാ വിവാദം: കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി; പ്രമേയ നോട്ടീസ് നൽകി എം.പിമാർ
X

തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കേരളം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജൻസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. വിവാദത്തിൽ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ എന്നിവരാണ്‌ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പരീക്ഷ കേന്ദ്രത്തിനെതിരെയാണ് നീറ്റ് പരീക്ഷക്കായെത്തിയപ്പോൾ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയുയർന്നത്. പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.


എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എൻടിഎ നിരീക്ഷകനും കോർഡിനേറ്ററും രേഖാമൂലം എൻടിഎക്ക് കത്ത് നൽകി. എൻടിഎ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോർഡിനേറ്റർ എൻടിഎക്ക് നൽകിയ മറുപടിയിൽ പറയുന്നത്.


പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി പറഞ്ഞു. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശിയായ വ്യക്തി പറഞ്ഞു. തന്റെ മകളുടെ മാത്രമല്ല പരീക്ഷക്കെത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം ഊരിവെപ്പിച്ചാണ് പരീക്ഷയെഴുതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടികളെ അപമാനിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

TAGS :

Next Story