തിരുവനന്തപുരത്തിന് മാത്രമായി പുതിയ ഡിസിസി പ്രസിഡന്റ്?; ഒറ്റ പേര് കിട്ടിയാൽ ഉടൻ നിയമനത്തിന് ഹൈക്കമാൻഡ്
തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പിനായി മുതിർന്ന നേതാക്കൾ അടങ്ങുന്ന പുതിയ സമിതിയുണ്ടാകും

ന്യൂഡല്‍ഹി: തിരുവനന്തപുരം മാത്രമായി പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാന്‍ഡ് ആലോചിക്കുന്നു. കേരളത്തിൽ നിന്നും ഒറ്റ പേര് നൽകിയാൽ നിയമനം ഉടൻ നടത്തും . മറ്റു ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡുമായി ഇന്നലെ നടന്ന ചർച്ചയിലാണ് തീരുമാനം. നിലവിലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ ശക്തൻ നാടാർ ചുമതലയിൽ താൽപര്യം കാണിക്കാത്തതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ ഒരുങ്ങുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മുന്നോട്ട് വച്ച ചെമ്പഴന്തിഅനിലിൻ്റെ പേരിനോട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും പുറംതിരിഞ്ഞു നിന്നതോടെയാണ് അധ്യക്ഷമാറ്റം അവതാളത്തിലായത്.
തദ്ദേശ തെരഞ്ഞെടുപ്പ് തയാറെടുപ്പിനായി മുതിർന്ന നേതാക്കൾ അടങ്ങുന്ന പുതിയ സമിതിയുണ്ടാകും. രാഷ്ട്രീയകാര്യ സമിതിയും കെപിസിസി ഭാരവാഹികളുടെയും നേതൃപെരുപ്പം മൂലമാണ് പുതിയ സമിതി. കെപിസിസി സെക്രട്ടറിമാരുടെ പട്ടിക വേഗത്തിലാക്കാനും നേതാക്കൾക്കിടയിൽ ഇന്നലെ ധാരണയായി. കെപിസിസി അധ്യക്ഷൻ,വർക്കിംഗ് പ്രസിഡൻ്റുമാർമാർ,കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ,മുൻ പി സിസി അധ്യക്ഷന്മാർ എന്നിവർ സമിതിയിലുണ്ടാകും.കെപിസിസി സെക്രട്ടറി,എക്സിക്യൂട്ടീവ് പട്ടിക വേഗത്തിലാക്കാനും നേതാക്കൾക്കിടയിൽ ഇന്നലെ ധാരണയായി.ഒരാഴ്ചയിലധികം വൈകിയാൽ പട്ടിക വേണ്ടെന്ന് വെക്കേണ്ടി വരുമെന്ന് ചിലനേതാക്കൾ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

