Quantcast

ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കാന്‍ വി.ഡി സതീശന്‍ സര്‍ക്കാരിന് കഴിയട്ടെ : റസാഖ് പാലേരി

കേരളം ഭരിച്ച മുന്‍സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്ന് റസാഖ് പാലേരി

MediaOne Logo
ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കാന്‍ വി.ഡി സതീശന്‍ സര്‍ക്കാരിന് കഴിയട്ടെ : റസാഖ് പാലേരി
X

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങളും ആശംസകളും നേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കേരളം ഭരിച്ച മുന്‍സര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ ധാരാളം ഉറപ്പുകളും വാഗ്ദാനങ്ങളുമുണ്ട്. ഒരു പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളുമുണ്ട്. ഉറപ്പുകളും വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കാനും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കട്ടെ എന്നാശംസിക്കുന്നു -അദ്ദേഹം പറഞ്ഞു.

വംശീയ രാഷ്ട്രീയവും അധികാര സ്വാധീനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും കേരളത്തിന് ആപത്താണ്. ബിജെപി അധികാരത്തിലില്ലാത്ത എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഫെഡറല്‍ ഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മുസ്‌ലിം - ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള നിയമനിര്‍മാണങ്ങളും അവര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സംഘ്പരിവാര്‍ ഫാഷിസത്തോടും അതിന്റെ മുഴുവന്‍ ചിഹ്നങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമൂഹത്തിലെ പിന്നാക്ക - ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സാമൂഹ്യ നീതിയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും പുതിയൊരു സാഹോദര്യകേരളം കെട്ടിപ്പടുക്കുവാനും സതീശന്റെ മന്ത്രിസഭക്ക് കഴിയേണ്ടതുണ്ട്. അതിനായുള്ള ഏതു ചുവടുവെപ്പുകള്‍ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഉറപ്പ് നല്‍കുന്നു. നയങ്ങളിലും തീരുമാനങ്ങളിലും മറുശബ്ദങ്ങളെയും വിയോജിപ്പുകളെയും കേള്‍ക്കുവാനും തിരുത്തലുകള്‍ ആവശ്യമുള്ളിടങ്ങളില്‍ അത് നടപ്പിലാക്കുവാനുമുള്ള ജനാധിപത്യ വിശാലതയും ജനങ്ങള്‍ പുതിയ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത്തരം പ്രതീക്ഷകളോടും നീതി പുലര്‍ത്താനാകട്ടെ എന്നാശംസിക്കുന്നു. കൂടുതല്‍ നല്ല ദിനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഏതു ശ്രമങ്ങളിലും കൂടെയുണ്ടാകുമെന്നും റസാഖ് പാലേരി പറഞ്ഞു.

TAGS :

Next Story