Quantcast

'ലോണ്‍ ആപ്പ് വിവാദം സത്യം മറച്ചുവെക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം'; നിതിന്‍ രാജിൻ്റെ മരണത്തില്‍ കുടുംബം ഡിജിപിക്ക് പരാതി നല്‍കി

അന്വേഷണത്തിനായി രൂപീകരിച്ച ഏഴംഗസംഘം നിതിൻ്റെ വീട്ടിലെത്തി കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    13 April 2026 7:55 PM IST

Nithin rajs family filed complaints to dgp
X

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ ഉയരുന്ന ലോണ്‍ ആപ്പ് വിവാദം സത്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പിതാവ് രാജന്‍. വായ്പയെടുത്ത കാര്യം വീട്ടില്‍ അറിഞ്ഞിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, ജെബി മേത്തര്‍ എംപിയും നിതിന്റെ വീട് സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും, നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം തന്നെയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ചു. അന്വേഷണം ഒരു തരത്തിലും വഴിതിരിച്ച് വിടാന്‍ അനുവദിക്കില്ലെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോട് പ്രതികരിച്ചു.

സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണത്തിനായി രൂപീകരിച്ച ഏഴംഗസംഘം നിതിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. കോളജില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.

നിതിന്‍ രാജിന്റെ കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയില്‍ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടുന്നതിന് തൊട്ടു മുന്‍പ് നിതിന്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സസ്‌പെന്‍ഷനിലായ ഡോ. എം.കെ. റാമിനെതിരെ നേരത്തെയും പരാതി ഉന്നയിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.

അധ്യാപകര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് വലയം ഭേദിച്ച് കോളജിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

TAGS :

Next Story