കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമില്ല
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വര്‍ക്കിങ് പ്രസിഡന്റുമാര്‍,കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലുള്ള അന്തിമ ചര്‍ച്ച ഇന്ന് നടക്കില്ല. കേരളത്തതില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ നേതാക്കളില്‍ ഭൂരിപക്ഷവും കെസിയുടെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങള്‍ സൃഷ്ടിച്ചെടുത്തതാണെന്നും പ്രതിഷേധങ്ങള്‍ സ്വിച്ചിട്ടത് പോലെ നിന്നത് അതിന്റെ തെളിവാണെന്നും നേതാക്കള്‍ രാഹുലിനെ അറിയച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചക്കായി വര്‍ക്കിങ് പ്രസിഡന്റുമാര്‍,കെപിസിസി മുന്‍ അധ്യക്ഷന്‍മാര്‍ അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ വി.എം സുധീരന്‍ , കെ.മുരളീധരന്‍, എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫിപറമ്പില്‍, പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാര്‍, മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ താമസിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് ഒരുപാട് ദിവസം കഴിഞ്ഞാണ്. വേവോളം കാത്താല്‍ ആറോളം കാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് തടസമില്ല. എംഎല്‍എ ആയ തന്നെ ആരും തടസപ്പെടുത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വെളുത്ത പുക ഉടന്‍ ഉയരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് കാര്യമില്ലെന്നും അഭിപ്രായം ചോദിച്ചാല്‍ പറയാമെന്നും എം.എം ഹസന്‍ പ്രതികരിച്ചു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത് പോലെ ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

